തിരുവനന്തപുരം: സഹകരണ മേഖലയിലെ ക്രമക്കേടുകളും അഴിമതിയും തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ്. സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പ തട്ടിപ്പുകൾ, സ്വർണപ്പണയ തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യും. കുറ്റക്കാരുടെ സ്ഥാവരജംഗമ വസ്തുക്കൾ മരവിപ്പിക്കാനും കുറ്റകൃത്യങ്ങൾക്ക് തടയിടാനും ആവശ്യമായ വകുപ്പുകൾ സഹകരണ നിയമത്തിൽ കൂട്ടിച്ചേർക്കും. സമഗ്ര നിയമ പരിഷ്കരണത്തിന് നിയോഗിച്ച സമിതിയോട് ഇത് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
കരട് നിയമം രണ്ടുമാസത്തിനകം അംഗീകാരത്തിന് ലഭ്യമാക്കും. മുഴുവൻ സംഘങ്ങളിലും ദ്രുതപരിശോധന നടത്തി ക്രമക്കേടുകളുണ്ടെങ്കിൽ സത്വര നടപടി സ്വീകരിക്കാൻ സഹകരണസംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി. ക്രമക്കേടുകളിലെ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ മനഃപൂർവമായി വീഴ്ച വരുത്തിെയങ്കിൽ കർശന നടപടിയുണ്ടാകും. കരുവന്നൂർ ബാങ്കിൽ നിയോഗിച്ച അന്വേഷണ സമിതി ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുണ്ടാവും. അവിടെ നിക്ഷേപകർക്കും ഇടപാടുകാർക്കുമുണ്ടായ ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കും. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ സഹായത്തോടെ പുനരുദ്ധാരണ പാക്കേജ് മൂന്നാഴ്ചക്കകം തയാറാക്കും.
സഹകരണ വിജിലൻസിെൻറ പ്രവർത്തനവും ശക്തിപ്പെടുത്തും. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ റിപ്പോർട്ട് ചെയ്യുന്നതിനായി സഹകരണസംഘം നിയമത്തിലെ 65, 66 വകുപ്പുകൾ ഭേദഗതി ചെയ്യും. സഹകരണ വിജിലൻസിന് സംഘങ്ങളിൽ നേരിട്ട് പരിശോധന നടത്തുന്നതിനും ക്രമക്കേടുകളിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനും നിയമപരമായ അധികാരം നൽകും. ഓഡിറ്റ് സംവിധാനത്തെ സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തും.
250 കോടിക്കുമേൽ പ്രവർത്തന മൂലധനമുള്ള സംഘങ്ങളെ ഗ്രൂപ് ആക്കി മൂന്ന് ഓഡിറ്റർമാർ അടങ്ങുന്ന സംഘം പരിശോധിക്കും. ജോലി ക്രമീകരണ വ്യവസ്ഥ റദ്ദാക്കി ഉദ്യോഗസ്ഥരെ ഉടൻ ജില്ലകളിലേക്ക് തിരിച്ചയക്കും. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവിസിൽനിന്ന് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.