ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചപ്പോൾ
സതീശൻ നല്ല മനുഷ്യനും നല്ല സുഹൃത്തുമെന്ന് അൽഫോൺസ് കണ്ണന്താനം; ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ നല്ല മനുഷ്യനും നല്ല സുഹൃത്തുമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. സതീശന് കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വി.ഡി. സതീശൻ കോളജ് യൂനിയൻ ചെയർമാൻ ആയിരിക്കുമ്പോൾ ഞാൻ കോട്ടയം കലക്ടർ ആയിരുന്നു. ആ സമയത്തേ ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ട്. എല്ലാ ആശംസയും നേരാനാണ് ഞാൻ വന്നത്. നല്ല മനുഷ്യനും നല്ല സുഹൃത്തുമാണ് അദ്ദേഹം. നല്ലത് സംഭവിക്കട്ടെ! കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കട്ടെയെന്ന് ആശംസിക്കാൻ വന്നതാണ്. അദ്ദേഹം എന്റെ മുഖ്യമന്ത്രിയാണ്, എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായാൽ എല്ലാവരുടെയും പ്രധാനമന്ത്രിയാണ്.’ -അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
രാഷ്ട്രീയത്തിൽ ശത്രുക്കൾ ഉണ്ടാകേണ്ട ആവശ്യമില്ലെന്നും കേരളത്തിന് വലിയ വലിയ അത്ഭുതങ്ങൾ അദ്ദേഹം കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. നല്ല ഉദ്ദേശ്യങ്ങുള്ള മനുഷ്യനാണ്, നല്ല കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
2006 മുതൽ 2011 വരെ സംസ്ഥാന നിയമസഭയിൽ സതീശനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുവെന്ന് അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച, സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സതീശൻ ഡൽഹിയിൽ എത്തിയത്. ഇന്ത്യയുടെ വികസന ലക്ഷ്യമായ ‘വികസിത് ഭാരത്’ മുന്‍നിര്‍ത്തി, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നയപരമായ സഹകരണവും സാമ്പത്തിക പങ്കാളിത്തവും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം.
സാമ്പത്തിക വികസനങ്ങള്‍, കാര്‍ഷിക മേഖലയുടെ പരിവര്‍ത്തനത്തിനുള്ള ധനസഹായം, ഊര്‍ജ്ജ മേഖലയിലെ മാറ്റങ്ങള്‍ക്കുള്ള ധനസഹായം എന്നിങ്ങനെ മൂന്ന് പ്രധാന തീമാറ്റിക് സെഷനുകളാണ് യോഗത്തിന്റെ ഭാഗമായി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.