പരാതി നൽകിയിട്ടും മോഷ്ടാക്കളെ പിടിച്ചില്ല; വീട്ടുടമ മോഷ്ടാക്കളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു
വാടാനപ്പള്ളി: മോഷണം പോയതിന് പൊലീസിൽ പരാതി നൽകിയിട്ടും മോഷ്ടാക്കളെ പിടികൂടാതായപ്പോൾ ഒടുവിൽ വീട്ടുടമ തന്നെ മോഷ്ടാക്കളെ പിടിച്ച് പൊലീസിനെ ഏൽപിച്ചു. തൃത്തല്ലൂർ കിഴക്ക് ഏംഗൽസ് നഗറിൽ ഗിരീഷ് മാത്തുക്കാട്ടിലിന്റെ വീട്ടിൽ നിന്നാണ് ഏതാനും ദിവസം മുമ്പ് പകൽ വിലപിടിപ്പുള്ള ചെമ്പുപാത്രങ്ങളും വീട്ടുസാധനങ്ങളും മറ്റും മോഷണം പോയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, വീട്ടിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു. തുടർന്നാണ് വാടാനപ്പള്ളി പൊലീസിൽ പരാതി നൽകിയത്.
തെളിവുകൾ ഉണ്ടായിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതായപ്പോൾ ഗിരീഷിന്റെ നേതൃത്വത്തിൽ മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിക്കുകയും ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ മോഷ്ടാക്കളെയും സാധനങ്ങൾ കൊണ്ടുപോയ വാഹനവും കണ്ടെത്തി പിടികൂടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി മോഷ്ടാക്കളായ നാടോടി സ്ത്രീകളെ കൊണ്ടുപോയി. മോഷണ സാധനങ്ങളും കണ്ടെടുത്തു.
പല പ്രദേശങ്ങളിലായി ഒട്ടനവധി മോഷണം നടത്തിയവരാണ് പിടിയിലായവർ. റോഡരികിൽ തമ്പടിച്ച് താമസിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. തൊട്ടടുത്ത് ഡോക്ടറുടെ വീട് പൊളിച്ചും നാടോടികളായ മോഷ്ടാക്കൾ കവർച്ച നടത്തിയിരുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപനും അന്വേഷണത്തിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.