കേരളത്തിലേക്ക് ചുവടുവെച്ച് ടിവികെ, അംഗത്വ കാമ്പയിനിന് തുടക്കമാകുന്നു
തിരുവനന്തപുരം: തമിഴ്നാട്ടിൽ കന്നി അങ്കത്തിൽ തന്നെ അധികാരം പിടിച്ചെടുത്ത് ചരിത്രം കുറിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) കേരളത്തിലേക്കും. കേരളത്തിലുടനീളം അംഗത്വ കാമ്പയിനിന് പാർട്ടി തുടക്കമിടുകയാണ്. ടിവികെയുടെ ദേശീയ വക്താവ് പുകഴേന്തി, മുതിർന്ന നേതാക്കളും ടിവികെ ജനറൽ സെക്രട്ടറിമാരുമായ പുഷ്യാനന്തൻ, ആദവ് അർജു, കെ.എ. ചെങ്കോട്ടയ്യൻ, തമിഴ്നാട് നിയമസഭ സ്പീക്കർ ജെ.സി.ഡി പ്രഭാകർ എന്നിവരുടെ മേൽനോട്ടത്തിലാണ് കേരള ഘടകം അംഗത്വ കാമ്പയിൻ ആരംഭിക്കുന്നത്.
ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുക എന്ന ലളിതവും എന്നാൽ കരുത്തുറ്റതുമായ ആശയവുമായാണ് ടിവികെ കേരള ഘടകം പ്രവർത്തനം ശക്തമാക്കുന്നത്. സിനിമക്ക് അപ്പുറം സാമൂഹികനീതിയും മാറ്റവും ലക്ഷ്യമിടുന്ന ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് വർഷങ്ങളായി വിജയ്‌ക്കൊപ്പം നിന്ന വിജയ് ഫാൻസ് അസോസിയേഷൻ നേതാക്കളും, മറ്റു പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ടിവികെയുടെ ആശയത്തിൽ ആകൃഷ്ടരായി എത്തിയവരുമാണ്.
കേരള ഘടകം നേതാക്കളായ ഡോ. ബിജു രേമേശ്, നടൻ ദേവൻ, കൊല്ലം അനന്തു, തോന്നയ്ക്കൽ സതീഷ്, ഡോ. സുലൈമാൻ ബഷീർ, വിഴിഞ്ഞം എം.എ. വാഹിദ്, ബീമാപളളി ഇർഷാദ്, ഹാജ, ഷെമീർ, സുലൈമാൻ, അഡ്വ പ്രവീൺ ബാബു, വയനാട് സാബു, ഇടുക്കി ജയൻ, എറണാകുളം ഹാഷിഫ് എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്ടിൽ ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റ് നേടിയാണ് തമിഴക വെട്രി കഴകം അധികാരത്തിലേറിയത്. കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് പാർട്ടി കേവല ഭൂരിപക്ഷം നേടിയത്. ഡി.എം.കെക്ക് 73 സീറ്റും എ.ഡി.എം.കെക്ക് 53 സീറ്റും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.