പ്രോസിക്യൂഷൻ അനുമതി വേണമെന്നും വേണ്ടെന്നും; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വീണ്ടും ഹൈകോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ രൂക്ഷ വിമർശനം. പ്രോസിക്യൂഷൻ അനുമതിയിൽ വിവിധ വകുപ്പുകൾ ഭിന്ന നിലപാട് സ്വീകരിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്.
പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണമെന്ന് സർക്കർ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം. ആരാണ് സർക്കാറിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി, വിജിലൻസ് അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നുവരെ കുറ്റപ്പെടുത്തി. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വാദം കേൾക്കണമെന്ന് അറിയിച്ചു. ഇതോടെ, പ്രോസിക്യൂഷൻ അനുമതി വേണോ എന്നതിൽ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹർജി കോടതി മാറ്റിവെച്ചു. നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. 2016 ലാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപറേഷനിൽ നിന്ന് എസ്.എൻ.ഡി.പി കോടികൾ വായ്പയെടുത്തെന്നാണ് ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിയെടുത്തെന്നാണ് അച്യുതാനന്ദന്‍ ആരോപിച്ചത്.
പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ പിന്നാക്ക വിഭാഗ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണം എന്നാണ് നേരത്തെ കോടതി കർശന നിർദേശം നൽകിയത്. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്നും ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.