കൊച്ചി: കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കേരളത്തിൽ മുഴുവൻ മാതൃകയാക്കണമെന്ന് മന്ത്രി എം.ബി രാജേഷ്. കളമശ്ശേരി ടി.വി.എസ് ജംഗ്ഷനിൽ നടത്തുന്ന കാർഷികോത്സവത്തിൽ "കൃഷിക്ക് ഒപ്പം കളമശ്ശേരിയും തദ്ദേശഭരണ സ്ഥാപനങ്ങളും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി എം.എൽ.എയും മന്ത്രിയുമായ പി.രാജീവിന്റെ ഇടപെടൽ കളമശ്ശേരി മണ്ഡലത്തെ ആകെ മാറ്റിമറിച്ചു. വ്യവസായ നഗരമായ കളമശ്ശേരിയിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ അത്ഭുതകരമായ മാറ്റമാണ് പ്രകടമാകുന്നത്. വ്യവസായത്തിനൊപ്പം കാർഷിക മേഖലയിലെ വൻ സാധ്യതകൾക്കും വഴി തുറക്കുകയാണ്. 1000 ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റമാണ്.
4000 കർഷകരെ കോർത്തിണക്കി കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികമേള സ്വന്തം മണ്ഡലമായ തൃത്താലയിലും സാധ്യമാക്കും. വൈവിധ്യമായ സ്റ്റാളുകളോട് കൂടിയ മനോഹരമായ കാർഷികോത്സവം കളമശ്ശേരിയിൽ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. കളമശ്ശേരി മാതൃകയിൽ നിന്ന് കേരളത്തിന് ഒരുപാട് പഠിക്കാനുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി ചേർന്ന് കേരളത്തിൽ ആവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യണം.
കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ ഒരു ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി മാതൃകയിലൂടെ കേരളം മുഴുവൻ കൃഷിക്ക് പ്രാധാന്യം നൽകിയാൽ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയും. എല്ലാ വാർഡിലും ഒരു പച്ചക്കറി സ്റ്റാൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് കാർഷിക മുന്നേറ്റം നടപ്പിലാക്കണമെന്നും അങ്ങനെ കർഷകർക്ക് വരുമാനം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 2024 മാർച്ചിൽ ബ്രഹ്മപുരത്ത് ബി.പി.സി.എല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. 180 ടൺ മാലിന്യം സംസ്കരിച്ച് പ്രകൃതി വാതകം ഉണ്ടാക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. കേരളത്തിലെ 10 ജില്ലകളിലും വൻകിട മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്നും പി. രാജീവ് പറഞ്ഞു.
ഏലൂരിലെ ഹരിത കർമ സേനാംഗങ്ങൾക്ക് ഓഹരി വിഹിതമായി 8,09,600 രൂപയും ബോണസായി 7,000 രൂപയും മന്ത്രിമാരായ എം.ബി രാജേഷും പി. രാജീവും ചേർന്നു കൈമാറി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർപേഴ്സൺ എ.ഡി സുജിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.