‘ക്ഷേത്ര നടത്തിപ്പിന് എല്ലാ പൊലീസുകാരും സംഭാവന നൽകണം, താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ കൈമാറണം’; ജില്ല ​പൊലീസ് മേധാവിയുടെ സർക്കുലർ വിവാദത്തിൽ

കോഴിക്കോട്: ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ശമ്പളത്തിൽനിന്ന് സംഭാവന നൽകണമെന്ന ജില്ല പൊലീസ് മേധാവിയുടെ സർക്കുലർ വിവാദത്തിൽ. പണം നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ ജൂലൈ 24നകം ജില്ല പൊലീസ് ഓഫിസിൽ അറിയിക്കണമെന്ന നിർദേശമാണ് അമർഷത്തിനിടയാക്കിയത്. പൊലീസ് നിയന്ത്രണത്തിലുള്ള കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിനായി 20 രൂപ വീതം മാസം തോറും നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്.

പണം പിരിക്കുന്ന രീതിക്കെതിരെ പൊലീസിൽ തന്നെ അതൃപ്തിയുയർന്നിട്ടുണ്ട്. പണം നൽകാൻ താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ചാൽ പോരേയെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. സംഭാവന നൽകാത്തവരുടെ വിവരങ്ങൾ വാങ്ങി സേനക്കുള്ളിൽ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുണ്ട്. ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കൈമാറി നടത്തിപ്പ് ചുമതലയിൽനിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് പണം പിരിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സർക്കുലർ ഇറക്കിയത്.

സർക്കുലറിനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ തീരുമാനം പിൻവലിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ സംഭാവന പിരിക്കാനുള്ള തീരുമാനം പിൻവലിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകുകയായിരുന്നു.

തീരുമാനം താൽക്കാലികമായി പിൻവലിച്ചതായി അറിയിക്കുന്ന സർക്കുലർ

സംഭാവന പിരിക്കാനുള്ള സർക്കുലർ  സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവി മതേതര ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ക്ഷേത്രത്തോടുള്ള ഈ മമതയും ക്ഷേത്ര നടത്തിപ്പിനുള്ള നിർബന്ധ പിരിവും ആഭ്യന്തര വകുപ്പ് തീരുമാനിച്ചതാണോ എന്നും സാംസ്കാരിക പ്രവർത്തകൻ ഡോ. ആസാദ് ചോദിച്ചു. നാട്ടിലെ ദേവാലയങ്ങളുടെ ചുമതല ആരാണ് പൊലീസിനെ ഏൽപ്പിച്ചതെന്നും സംഘ്പരിവാര സ്വപ്നത്തിലേക്ക് നമ്മുടെ നാടിനെ കൊണ്ടുപോകാൻ പൊലീസ് സൈന്യവും രംഗത്തിറങ്ങിയതാവുമോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം ഭദ്രകാളി ക്ഷേത്രം മാത്രമല്ല പട്ടാളപ്പള്ളിയും അപ്പുറം സി.എസ്.ഐ പള്ളിയുമുണ്ടെന്നും എല്ലാ ഭരണവും പൊലീസ് ഏൽക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - 'All the policemen should contribute to the running of the temple and pass on the information of those who are not interested'; District police chief's circular in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.