തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിന്. ജനുവരി 29ന് കാസർകോട്ടുനിന്ന് ആരംഭിക്കുന്ന വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ന് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും.
കോവിഡിനുശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റവും സർക്കാർ നിലപാടുകളും തിരിച്ചടിയാകുകയാണ്. പത്തര ലക്ഷത്തിലധികംപേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വ്യാപാര സംരക്ഷണ യാത്ര 29ന് രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
13ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന വ്യാപാരികൾ പങ്കെടുക്കും. അഞ്ചു ലക്ഷത്തിലധികം അംഗങ്ങൾ ഒപ്പിടുന്ന നിവേദനം 13ന് ശേഷം മുഖ്യമന്ത്രിക്ക് കൈമാറും. അനാവശ്യമായി പിഴ ചുമത്തിയും വേട്ടയാടിയും ചെറുകിട വ്യാപാരികളെയടക്കം ശ്രത്രുതയോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ വർക്കിങ് പ്രസിഡൻറ് കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ, ട്രഷറർ ദേവരാജൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, അഹമ്മദ് ഷെരീഫ്, വാസുദേവൻ, ബാപ്പു ഹാജി, എ.ജെ. റിയാസ്, വൈ. വിജയൻ, ധനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.