അന്യാധീനപ്പെട്ട ആദിവാസി ഭൂമി: 12 വർഷമായിട്ടും ഉത്തരവ് നടപ്പാക്കാതെ തഹസിൽദാർ

കോഴിക്കോട്: അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരുച്ചു പിടിക്കുന്നതിൽ 12 വർഷമായിട്ടും ഉത്തരവ് നടപ്പാക്കാതെ അട്ടപ്പാടി തഹസിൽദാർ. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവുകൾ നടപ്പാക്കുന്നതിൽ കടുത്ത വീഴ്ചച സംഭവിച്ചതായി ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തിലെ രേഖകൾ വ്യക്തമാക്കുന്നു.

36 ടി.എൽ.എ കേസുകളിൽ ആദിവാസികൾക്ക് ഭൂമി തിരിച്ചു നൽകിയെന്നാണ് മന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടി നൽകിയത്. അതിൽ 11 ഉത്തരവ് പൂഴ്ത്തിവെച്ചിരിക്കുന്നത് അട്ടപ്പാടി തഹസിൽദാരാണെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. 1999ലെ ആദിവാസി ഭൂനിയമപ്രകാരം കൈയേറിയതിൽ അഞ്ചേക്കർ ഭൂമി വരെ കൈവശം വെക്കാം. അഞ്ച് ഏക്കർ പരിധി കഴിഞ്ഞുള്ള ഭൂമിയാണ് ആദിവാസികൾക്ക് തിരിച്ചു പിടിച്ചു നൽകാൻ ഉത്തരവായത്.

രേഖകൾ പ്രകാരം ഈ 11 ഉത്തരവകളും 2011ലാണ് പുറപ്പെടുവിച്ചത്. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലമായിട്ടും അട്ടപ്പാടി താലൂക്ക് തഹസിൽദാർ ഉത്തരവിന്മേൽ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഉത്തരവ് നടപ്പാക്കിയെന്ന് അട്ടപ്പാടി ഭൂരേഖ തഹസിൽദാർ സബ് കലക്ടർ ഓഫിസിന് റിപ്പോർട്ട് നൽകിയിട്ടില്ല. സബ് കലക്ടറുടെ ഓഫിസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുമില്ല.

ടി.എൽ.എ കേസ് 2091/87ൽ നഞ്ചന്‍റെ മകൻ മരുതൻ, 482/87ൽ കോട്ടത്തറ പെരുമാൾ മുപ്പൻ, ടി.എൽ.എ 511/87ൽ ഷോളയൂർ നല്ലശിങ്ക കുന്തൻ, 1376/87ൽ അഗളി ചിഹ്നമൂപ്പൻ, 1139/87ൽ രാമൻ, 152/ 88ൽ ചാവടിയൂർ മാരുതി, 1135/87ൽ ചീരക്കടവ് ചിന്നബുദ്ധൻ, 79/87ൽ ജല്ലിപാറ മാമണ നഞ്ചി,  1183/87ൽ താഴെമുള്ളി കാരമടയൻ, 831/87-1696/87ൽ ഇലച്ചിവഴി മുരുകൻ, 1099/87ൽ രങ്കൻ എന്നിവരുടെ ഉത്തരവുകളാണ് കഴിഞ്ഞ 12 വർഷമായി അട്ടപ്പാടി താലൂക്ക് തഹസിൽദാരുടെ ചുവപ്പുനാടയിൽ കുടുങ്ങിയത്.

ഇപ്പോൾ ഉത്തരവിന് എന്തു സംഭവിച്ചുവെന്ന് സബ് കലക്ടറുടെ കാര്യാലയത്തിന് അറിയില്ല. ടി.എൽ.എ കേസിൽ അനുകൂല വിധി ലഭിച്ച ആദിവാസി കുടുംബങ്ങൾ സർക്കാർ ഓഫിസ് കയറി കാലുതേഞ്ഞു മടുത്തു. റവന്യൂ മന്ത്രി നിയമസഭയിൽ മറുപടി നൽകിയതിൽ ഉൾപ്പെട്ട എട്ടു കേസുകളിൽ ഇപ്പോഴും ഹൈകോടതിയിൽ വിചാരണ നടക്കുകയാണ്. ആദിവാസികൾക്ക് ഭൂമി തിരിച്ചു നൽകണമെന്ന ഉത്തരവിനെതിരെ ഭൂമി കൈവശം വെച്ചിരിക്കുന്നവർ ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

ഷോളയൂർ നല്ലശിങ്ക രാമന്‍റെ 125/87 ടി.എൽ.എ കേസിലും ഷോളയൂർ നല്ലശിങ്ക വടുകന്‍റെ 2/88 കേസിലും കോട്ടത്തറ വില്ലേജ് ഓഫിസർ ഉത്തരവ് നടപ്പാക്കി സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടില്ല. കോഴിക്കൂടം അറുമുഖന്‍റെ 1983/87 ടി.എൽ.എ കേസിലാകട്ടെ ഷോളയൂർ വില്ലേജ് ഓഫിസറാണ് ഉത്തരവ് നടപ്പാക്കേണ്ടത്. അതിലും നടപടി സ്വീകരിച്ചതായി റിപ്പോർട്ട് നൽകിയിട്ടില്ല. റവന്യൂ മന്ത്രിയുടെ കണക്കിൽ ഈ ആദിവാസികൾക്കെല്ലാം ഭൂമി തിരിച്ചു പിടിച്ചു നൽകിയിട്ടുണ്ട്.

Tags:    
News Summary - Alienated tribal land: Tehsildar not implementing order even after 12 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.