സമസ്ത ഉപാധ്യക്ഷൻ ഷിറിയ അലിക്കുഞ്ഞി മുസ്​ലിയാർ അന്തരിച്ചു

കുമ്പള (കാസർകോട്): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം. അലിക്കുഞ്ഞി മുസ്​ലിയാർ  അന്തരിച്ചു. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1935 മാർച്ച് നാലിന് കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്ത് ജനനം. പരമ്പരാഗത (മുഅദ്ദിൻ) മുക്രിമാരാണ് പിതൃകുടുംബം. പഴയകാല ഓത്തുപള്ളിയിലാണ് പഠനാരംഭം. മുട്ടം ജുമാമസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.

ഒളയം മുഹ്യുദ്ദീൻ മുസ്​ലിയാരിൽ നിന്ന് ദർസാരംഭം. 1962ൽ ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം. കാസർകോട് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദർസ് നടത്തിയത്. മുപ്പതാം വയസ്സിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി.

കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ബേക്കൽ ഇബ്റാഹിം മുസ്​ലിയാർ, ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ, ബെള്ളിപ്പാടി അബ്ദുല്ല മുസ്​ലിയാർ, കാക്കൂ ഉമർ ഫൈസി, എം.എസ് തങ്ങൾ മദനി മാസ്തിക്കുണ്ട്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെർക്കള അഹ്മദ് മുസ്​ലിയാർ, മജീദ് ഫൈസി ചെർക്കള തുടങ്ങിയവർ പ്രധാന ശിഷ്യരാണ്.

പിതാവ്: അബ്ദു റഹ്മാൻ ഹാജി. മാതാവ്: മർയം. ഭാര്യ: മർയം ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്മാൻ നിസാമി, അബൂബക്കർ എം., ത്വയ്യിബ്, ഹാഫിള് അൻവർ അലി സഖാഫി, ആയിഷ, സൈനബ, കുബ്റ, റാബിഅ. സഹോദരങ്ങൾ: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാൻ ഹാജി, മുഹമ്മദ് അബൂബക്കർ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല.

ഖബറടക്കം ശനിയാഴ്ച അഞ്ചിന് ഷിറിയ ലത്വീഫിയയിൽ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.