അ​ല​വി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന ഷെ​ഡ്​

ലൈഫ് പദ്ധതിയും താങ്ങായില്ല; അലവിയുടെ കുടുംബം ഇപ്പോഴും ഷെഡിൽ

കാളികാവ്: ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ കൂടുതൽ പേർ പുറത്തായതോടെ, പത്ത് വർഷത്തിലേറെയായി സർക്കാർ ഭവനപദ്ധതികളിൽ വീട് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന കുടുംബം നിരാശയിൽ. കാളികാവ് പഞ്ചായത്തിലെ എട്ടാം വാർഡ് അടക്കാക്കുണ്ടിലെ മാടശ്ശേരി അലവിയുടെ കുടുംബമാണ് പിഞ്ചുമക്കളുമായി ഷെഡിൽ കഴിയുന്നത്.

പഞ്ചായത്തിൽനിന്നോ ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിൽനിന്നോ വീട് നിർമാണ സഹായം കിട്ടുന്നതും കാത്ത് ഒരു പതിറ്റാണ്ടായി കഴിയുകയാണ് കുടുംബം. ലൈഫ് ഭവന പദ്ധതിയുടെ തുടക്കത്തിൽതന്നെ അപേക്ഷ നൽകി. ഇവർക്ക് അഞ്ച് സെന്‍റ് ഭൂമിയുണ്ട്. ഈ വർഷത്തെ ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ മുന്നിലെത്തിയ ഇവർ പിന്നീട് പിന്നിലേക്ക് തള്ളപ്പെട്ടു.മുൻവർഷങ്ങളിൽ, ലൈഫ് പദ്ധതിയിൽ പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന കുടുംബങ്ങൾക്ക് മുൻഗണന നൽകിയിരുന്നു.

എന്നാൽ, ആ സമയത്തും ഈ കുടുംബത്തെ ഉൾപ്പെടുത്തിയില്ല. അതേസമയം, ഈ വർഷം മുൻഗണന ക്രമത്തിന് ഒമ്പത് ക്ലേശഘടകങ്ങൾ ലൈഫ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഷെഡിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകിയില്ല. ഇതോടെ ഈ വർഷവും ഇവർ പിറകിലായി. കുന്നിൻ ചരുവിൽ പാർക്കുന്ന ഇവരുടെ ഷെഡിനുള്ളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങുകയാണ്.

ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യവുമുണ്ട്. ടാപ്പിങ് തൊഴിലാളിയായ അലവി ഇനി വീടിനായി സമീപിക്കാത്തവർ ആരുമില്ല.ഇവർ താമസിക്കുന്ന ഷെഡ് കാണാനോ അപേക്ഷ പരിശോധിക്കാനോ അധികൃതർ തയാറായിട്ടില്ല. ഇദ്ദേഹത്തിന് പ്രത്യേക രാഷ്ട്രീയമൊന്നുമില്ലാത്തതിനാൽ ആരും സഹായിക്കുകയോ വിവരങ്ങൾ അറിയിക്കുകയോ ചെയ്യുന്നില്ല. മെച്ചപ്പെട്ട വീടും കൂടുതൽ ഭൂമിയുമുള്ളവർക്കുപോലും ലൈഫ് പദ്ധതിയിൽനിന്ന് വീട് ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറയുന്നു.

Tags:    
News Summary - Alavi's family is still in the shed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.