ആലപ്പുഴ: നവകേരള സദസ് യാത്രക്കിടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കമുള്ള പൊലീസുകാരെ കേസിൽ നിന്ന് രക്ഷിക്കാൻ മുൻ ക്രൈംബ്രാഞ്ച് സംഘം രേഖകളിൽ കൃത്രിമം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തൽ. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ആലപ്പുഴ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിയമനടപടി നേരിടാതെ പ്രതികളെ രക്ഷപ്പെടുത്താൻ ചില രേഖകൾ മാറ്റുകയും പകരം പുതിയത് വെക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും അന്നത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ട്. കേസ് രേഖകളിൽ തിരുത്തലും മാറ്റവും വരുത്തിയതിനെക്കുറിച്ച് എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. യഥാർഥ രേഖകൾ, സാക്ഷിമൊഴികൾ, സി.ഡികൾ, ഡിജിറ്റൽ വസ്തുക്കൾ എന്നിവയിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും മേൽനോട്ടം നൽകിയ മേലുദ്യോഗസ്ഥരുടെയും കേസ് നിലനിൽക്കില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സജീവ പങ്കും അന്വേഷണത്തിലാണ്.
ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിലൂടെ മുഖ്യമന്ത്രി യാത്രചെയ്ത കെ.എസ്.ആർ.ടി.സി ബസ് തടസമില്ലാതെയാണ് കടന്നുപോയത്. മുഖ്യമന്ത്രിയുടെ വാഹനം നിർത്തിയില്ലെങ്കിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനവും നിർത്തേണ്ടതില്ല. ‘രക്ഷാപ്രവർത്തനം’ ഏകദേശം 11 സെക്കൻറ് നീണ്ടുനിന്നു. ഈ സമയത്ത് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം സുരക്ഷ അകമ്പടി സേനയില്ലാതെ 100 മീറ്ററിലധികം താണ്ടി. മുഖ്യമന്ത്രിയുടെ സംരക്ഷണവും സുരക്ഷയും വഹിക്കുന്നതിനുപകരം പ്രതികൾ അവരുടെ അകമ്പടി വാഹനം പൊതുവഴിയിൽ നിർത്തിയതിലൂടെ ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായി. വാഹന വ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലൻസും മെഡിക്കൽ സപ്പോർട്ട് ടീമും ഉൾപ്പെടെയുള്ളവരുടെ യാത്രയും തടഞ്ഞു.
അന്വേഷണത്തിൽ ബസിന് നേരെ പ്രതിഷേധക്കാർ ഏതെങ്കിലും വസ്തുക്കൾ എറിഞ്ഞതായി കണ്ടെത്തിയിട്ടില്ല. പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് ബസിനെ സമീപിച്ചതല്ലാതെ ആയുധങ്ങളും കല്ലുകളും വടികളും മറ്റ് വസ്തുക്കളും കൈയിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച പ്രത്യേകം രൂപകൽപന ചെയ്ത ബസിന് കല്ലെറിഞ്ഞിട്ടില്ലെന്നാണ് ഡ്രൈവർ അഭിലാഷ് നൽകിയ മൊഴി. പിടിച്ചെടുത്ത ബസിന്റെ ലോഗ് ബുക്ക്, ലോഗ് ഷീറ്റ്, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവയിലും വാഹനത്തിന് കേടുപാടില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ, സംഭവത്തിന്റെ ദൃശ്യം പകർത്തിയ ചാനൽ കാമറമാൻ, സംഭവ സ്ഥലത്തെ കടയുടമയുടെ മൊഴി എന്നിവയും എസ്.ഐ.ടി രേഖപ്പെടുത്തി. ഇവയെല്ലാം മർദനമേറ്റവർക്ക് അനുകൂലമാണ്. പ്രതികൾ തല്ലാൻ നീളമുള്ള മരക്കമ്പ്, ലാത്തി എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ഈ ആയുധം ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകൾക്ക് കാരണമാകുമെന്നും ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് മെഡിക്കൽ വിദഗ്ധരുടെ പക്ഷം. ഇതിനാൽ ഒരു അടി പോലും മരണത്തിനുവരെ കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദൃശ്യങ്ങളും ഫോറൻസിക് ഫലവും ഹാജരാക്കാൻ കോടതി നിർദേശം
ആലപ്പുഴ: നവകേരള സദസ്സ് യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച ‘രക്ഷാപ്രവർത്തനം’ കേസിൽ പൊലീസ് ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളും ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് നിർദേശം നൽകി. സംഭവത്തിൽ പ്രതികളായ ഗൺമാൻമാരടക്കം അഞ്ച് പൊലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻകൂർ ജാമ്യാപേക്ഷയുടെ വിശദ വാദം കേൾക്കാൻ കേസ് ശനിയാഴ്ചത്തേക്ക് മാറ്റി. ഇതിന്റെ ആനുകൂല്യം ഉപയോഗിച്ച് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷൻ ഹാജരാക്കിയ മർദന ദൃശ്യങ്ങളിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചതോടെയാണ് ആധികാരികത ഉറപ്പാക്കാൻ സംഭവസമയത്ത് പൊലീസ് കാമറമാൻ ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് ഫലവും ഹാജരാക്കാൻ നിർദേശിച്ചത്. കേസിൽ ചൂടേറിയ വാദങ്ങൾക്കൊപ്പം പ്രോസിക്യൂഷനും എസ്.ഐ.ടിക്കും രൂക്ഷവിമർശനവും നേരിടേണ്ടിവന്നു.
മുഖ്യമന്ത്രിയുടെ ജീവനടക്കം ഭീഷണിയുണ്ടായ സാഹചര്യത്തിൽ ഗൺമാൻമാർ സുരക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി. ശിവദാസ് വാദിച്ചു. മർദനത്തിന്റെ തൊട്ടുമുമ്പുള്ള വിഡിയോ ദൃശ്യങ്ങൾ കാണണം. പ്രോസിക്യൂഷനും പരാതിക്കാരനും ആശ്രയിക്കുന്നത് അതിന് ശേഷമുള്ള ദൃശ്യങ്ങളാണ്. അതിനാൽ ഐ.പി.സി 308 വകുപ്പ് ചുമത്താനാകില്ല. ഗുരുതര പരിക്കല്ലാത്തതിനാൽ വധശ്രമം ഉൾപ്പെടെ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വധശ്രമക്കുറ്റം നിലനിൽക്കുമോയെന്ന് വ്യക്തമാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതികൾക്കെതിരെ 308 വകുപ്പ് ചുമത്തിയുള്ള എസ്.ഐ.ടി റിപ്പോർട്ടിലെ വൈരുധ്യവും കോടതി ചോദ്യംചെയ്തു. പൊലീസ് ദൃശ്യങ്ങൾ ഹാജരാക്കാത്തതിനെയും കോടതി വിമർശിച്ചു. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങൾ എവിടെയെന്ന് ചോദിച്ചെങ്കിലും അത് ലഭ്യമല്ലെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. അങ്ങനെയെങ്കിൽ ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലേയെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.