കൊല്ലം: എസ്.എഫ്.ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന നേതൃത്വം. ലഹരി സംഘങ്ങൾക്ക് അഭയം കൊടുക്കുന്ന കേന്ദ്രമായി കൊല്ലത്തെ എസ്.എഫ്.ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞതായി എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഘടന പ്രവർത്തനത്തിന് കാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്.എഫ്.ഐ നേത്യത്വത്തിന്റെ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് എ.ഐ.എസ്.എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.
‘എസ്.എഫ്.ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. കേരള സർവകലാശാലകൾക്ക് കീഴിലുള്ള കാമ്പസുകളിൽ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കാമ്പസുകൾക്ക് മുന്നിൽ എ.ഐ.എസ്.എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. കൊല്ലത്ത് ടികെഎം കോളജിൽ എ.ഐ.എസ്.എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞ് അവിടെ എത്തിയ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബിനെയും പ്രസിഡൻ്റ് ശ്രീജിത്ത് സുദർശനനേയും ലഹരി സംഘം അക്രമിക്കുന്ന അവസ്ഥയുണ്ടായി. ഈ ലഹരി സംഘങ്ങൾക്ക് അഭയം കൊടുക്കുന്ന കേന്ദ്രമായി കൊല്ലത്തെ എസ്.എഫ്.ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞു. സംഘടന പ്രവർത്തനത്തിന് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ നിലപാട് തിരുത്തണം. കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം നടത്തി നിലനിൽക്കാം എന്ന് കരുതുന്ന സമീപനം തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ അത്തരക്കാരെ നേരിടുവാൻ വിദ്യാർത്ഥി മുന്നേറ്റത്തിന് എ.ഐ.എസ്.എഫ് നേതൃത്വം നൽകും’ -അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ബിബിൻ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡൻറ് കൃഷ്ണപ്രിയ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സുജിത്ത് കുമാർ, കൃഷ്ണദേവരാജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.