സി.പി. അബ്ദുല്ലയും സുഹൃത്തുക്കളും ഇബ്രാഹീമിയയുടെ പേരമകന് സ്നേഹസമ്മാനം കൈമാറുന്നു

50 വർഷത്തിനൊടുവിൽ അബ്ദുല്ല 93 രൂപയുടെ കടം വീട്ടി; ആ​ന്ധ്ര​യി​ലെ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത് നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു ​ശേ​ഷം

മലപ്പുറം: ചേളാരി പാലക്കൽ സ്വദേശിയും മാർബിൾ വ്യവസായിയുമായ സി.പി. അബ്ദുല്ലയുടെ മനസ്സിനെ വല്ലാതെ അലട്ടുന്ന ഒന്നായിരുന്നു, 50 വർഷം മുമ്പ് ആന്ധ്രയിൽ ഹോട്ടൽ നടത്തുന്ന കാലത്ത് ഒരു പലചരക്കുകടക്കാരന് നൽകാനുള്ള 93 രൂപയുടെ കടബാധ്യത. ഹോട്ടൽ നടത്തിപ്പ് മതിയാക്കി പുതിയൊരു ബിസിനസിലേക്കു മാറി നാട്ടിലേക്ക് വന്നപ്പോൾ ആ കടം വീട്ടാൻ മറന്നുപോയി.

20 വർഷം മുമ്പാണ് ആ പഴയ കടബാധ്യത അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വന്നത്. അന്നു മുതൽ ആ വ്യാപാരിയെ കണ്ടെത്താൻ ആന്ധ്രയിലുള്ള സുഹൃത്തുക്കൾ വഴി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദിവസങ്ങൾക്കുമുമ്പ് അബ്ദുല്ല സുഹൃത്തുക്കളോട് ഈ കടബാധ്യതയെക്കുറിച്ച് പറഞ്ഞു.

ആന്ധ്ര വരെ പോയി ആ കച്ചവടക്കാരന്റെ കുടുംബത്തെ തിരഞ്ഞാലോ എന്നായി സുഹൃത്തുക്കളുടെ മറുപടി. ഞായറാഴ്ച സുഹൃത്തുക്കളായ ശഫീഖ് പാണക്കാടൻ, സഫീൽ മുഹമ്മദ്, മുജീബ് പള്ളിയാളി എന്നിവരെയും കൂട്ടി ആന്ധ്രയിലെ കർനൂലിലേക്കു തിരിച്ചു. സഹായത്തിനായി അവിടെ ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരീപുത്രൻ ഇസ്മായിലിനെയും വിളിപ്പിച്ചു.

കർനൂൽ ഗനി ഗില്ലിയിൽ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ അറിഞ്ഞത് കച്ചവടക്കാരനും രണ്ട് ആൺമക്കളും മരിച്ചെന്ന വിവരമാണ്. അവസാനം പ്രദേശത്തുകാരുടെ സഹായത്താൽ കച്ചവടക്കാരന്റെ പേരമകൻ മഖ്ബൂൽ അഹമ്മദിനെ കണ്ടെത്തി. 93 രൂപക്കു പകരം ഇന്നത്തെ മൂല്യത്തിന് അനുസരിച്ചുള്ള തുകയും സമ്മാനപ്പൊതിയും നൽകിയാണ് അബ്ദുല്ലയും സുഹൃത്തുക്കളും നാട്ടിലേക്കു മടങ്ങിയത്. 

Tags:    
News Summary - After 50 years, Abdullah paid off a debt of Rs 93

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.