ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നില്ലെന്ന് പറഞ്ഞു കൊണ്ടുതന്നെ സുപ്രധാന വ്യവസ്ഥകൾ മരവിപ്പിച്ചതിലൂടെ സ്റ്റേ ചെയ്ത ഫലമാണെന്ന് മുസ്‍ലിം ലീഗിന്റെ രാജ്യസഭ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ.
വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിക്കാനിരുന്ന ഇടക്കാല ഉത്തരവ് നീട്ടിവെപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ കുതന്ത്രങ്ങളാണ് പരാജയപ്പെട്ടത്. ഉത്തരവ് ഇറങ്ങിയതോടെ വഖഫ് സ്വത്തിൽ ഒരു മാറ്റവും വരുത്താൻ ഇനി സാധിക്കില്ലെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഇന്ന് ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് കോടതി വിധിച്ചു. നിലവിൽ വഖഫായി ഗണിക്കുന്ന രജിസ്റ്റർ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കൾക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കിൽ അന്ന് നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും വഖഫ് ബോർഡുകളും ബില്ലിനെതിരായ ഹരജികൾക്ക് ഒരാഴ്ചക്കകം മറുപടി നൽകണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകവും നൽകണം. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാൽ, നിലനിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.