തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
സോണിയ ഗാന്ധിയെ കാണുവാൻ പോയി എന്നത് സത്യമാണ്. കാട്ടുകള്ളനാണ് എന്നോടൊപ്പം വന്നത് എന്ന് അറിയാൻ കഴിഞ്ഞില്ല. ഈ കാട്ടുകള്ളനെ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു എങ്കിൽ ഒരു കാരണവശാലും അദ്ദേഹത്തെ അടുപ്പിക്കുകയില്ലായിരുന്നു. ഞാൻ കാണും മുമ്പ് മുഖ്യമന്ത്രി പോറ്റിയെ കാണുകയും സ്വകാര്യ സംഭാഷണം നടത്തുകയും ചെയ്ത ചിത്രങ്ങൾ നിങ്ങളുടെ കൈവശമുണ്ടാകും... -അടൂര്‍ പ്രകാശ് പറഞ്ഞു.
ആ സ്വകാര്യ സംഭാഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെവിയിൽ പറഞ്ഞത് എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചില നിർദേശങ്ങൾ കൊടുത്തതാണോ എന്ന് സംശയിച്ചാൽ അതിൽ തെറ്റുണ്ടാകും എന്ന് കരുതുന്നില്ല -അടൂര്‍ പ്രകാശ് വിമർശിച്ചു.
അതേസമയം, കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിച്ചത് അദ്ദേഹത്തിന് സ്വർണക്കൊള്ളയുമായി ബന്ധമുള്ളത് കൊണ്ടാണോ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുപ്പമുള്ള ആൾ വന്ന് സംസാരിക്കുന്ന പോലെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സംസാരിക്കുന്നത്. അത്രയും സ്വാതന്ത്ര്യമാണ്. പാർട്ടി സെക്രട്ടറി ഗോവിന്ദന് മാഷിന് പോലും അടുത്ത് നിന്ന് ചെവിയിൽ സംസാരിക്കാൻ വയ്യാത്ത മുഖ്യമന്ത്രിയാണിത്. ഇതിനർത്ഥമെന്താണ്...? -ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.