നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണം - ഹൈകോടതി

കൊച്ചി: പ്രളയശേഷം നിലമ്പൂർ വനത്തിനകത്ത് ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് ഹൈകോടതി.

പ്രളയത്തിൽ വീടും റോഡും പാലവും തകർന്ന് നാലുവർഷമായി ഉൾവനത്തിൽ കഴിയുന്ന നിലമ്പൂരിലെ 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് സമർപ്പിച്ച പൊതു താൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. സർക്കാറിന്‍റെ വിശദീകരണവും തേടി. പ്ലാസ്റ്റിക്ഷീറ്റ് മേഞ്ഞ ഷെഡുകളിൽ കഴിയുന്ന ഈ കുടുംബങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി നിലമ്പൂർ നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത്, മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ആഗസ്റ്റ് എട്ടിന് പരിഗണിക്കും.

2019ലെ പ്രളയത്തിൽ ചാലിയാർ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവിൽ പാലം ഒലിച്ചുപോയതോടെ മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാർ ഒറ്റപ്പെട്ടതായി ഹരജിയിൽ പറയുന്നു.

പ്രളയത്തിനുമുമ്പ് വരെ വൈദ്യുതി കണക്ഷനുള്ള കോൺക്രീറ്റ് വീടുകളിൽ കഴിഞ്ഞിരുന്ന ഇവർ ഇന്ന് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡുകളിലാണ് താമസിക്കുന്നത്. ചങ്ങാടത്തിലൂടെ പുഴ കടത്തി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ കോളനിയിലെ യുവതിക്ക് ചാലിയാർ പുഴയോരത്ത് പ്രസവിക്കേണ്ടി വന്നു. വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലുള്ള പുഞ്ചകൊല്ലി, അളക്കൽ കോളനി വാസികളും സമാന ദുരിതം അനുഭവിക്കുന്നവരാണ്.

2019ലെ പ്രളയത്തിൽ കരിമ്പുഴ ഗതിമാറി ഒഴുകിയതാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല്, പുലിമുണ്ട കോളനിക്കാർക്ക് വീടുകൾ നഷ്ടമാകാനിടയാക്കിയത്. പ്രളയദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ പി.വി. അൻവർ എം.എൽ.എ റീബിൽഡ് നിലമ്പൂർ എന്ന പദ്ധതി പ്രഖ്യാപിച്ച് പണപ്പിരിവ് നടത്തിയെങ്കിലും ആദിവാസി വിഭാഗക്കാർക്ക് സഹായകരമായില്ലെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Adivasis in Nilambur forest should get food and medical aid - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.