കൊച്ചിക്കാരെ എ.ഡി.ബി വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പായി

തിരുവനന്തപുരം: കൊച്ചി നഗരസഭയിലുള്ളവരെ എ.ഡി.ബി ( ഏഷ്യൻ വികസന ബാങ്ക്) വെള്ളം കുടിപ്പിക്കുമെന്ന ഉറപ്പായി. എ.ഡി.ബി.യുടെ സഹായത്തോടെ കൊച്ചിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് 1135.3 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.

എ.ഡി.ബിയുടെ ടെക്നിക്കൽ അസിസ്റ്റൻസ് കൺസൾട്ടൻറ് ജലകം സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാണ് കൊച്ചി കോർപ്പറേഷൻ പ്രദേശത്തെ ജലവിതരണ സംവിധാനത്തെക്കുറിച്ച് വാട്ടർ അതോർട്ടിയുടെ സഹായത്തോടെ 2017 ൽ പലവിധ ഡാറ്റകൾ ശേഖരിച്ചത്. വിവിധ രേഖകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ വിശദമായ വിശകലനം നടത്തിയാണ് എ.ഡി.ബി.യുടെ സഹായത്തോടെ കൊച്ചിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.

എ.ഡി.ബി മാർഗ നിർദേശങ്ങളും സമാന പ്രവർത്തികളുടെ ആഗോള നിലവാര മാനദണ്ഡങ്ങളും അനുസരിച്ചും പ്രഥമിക പഠനം നടത്തിയുമാണ് എ.ഡി.ബി കൺസൾട്ടൻറ് എസ്റ്റിമേറ്റ് തയാറാക്കിയത്. ജി.എസ്.ടി ഉൾപ്പടെ 1135.3 കോടി രൂപയുടെ എസ്റ്റിമേറ്റാണ് എ.ഡി.ബി കൺസൾട്ടൻറ് തയാറാക്കിയത്.

ഈ എസ്റ്റിമേറ്റിനെ സൂചകമാക്കിയാണ് കേരള വാട്ടർ അതോറിറ്റി, ടി.എസ് (സാങ്കേതികാനുമതി) എസ്റ്റിമേറ്റ് തയാറാക്കിയത്. ജി.എസ്.ടി ഉൾപ്പടെ 945.2 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് നല്കിയത്. ഈ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ച ഷെഡ്യൂൾ ഓഫ് റേറ്റിന് വ്യത്യസ്തമായ നിരക്കിൽ ഉള്ളതാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി മറുപടി നൽകി.

ഈ പദ്ധതിയിൽ കൊച്ചി നഗരത്തിലെ ജലവിതരണ ശൃംഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നവീകരണവും പരിപാലനവും കേരള വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ദർഘാസ് ലഭിക്കുന്ന കരാറുകാരൻ വഴി നടപ്പാക്കും.

വാട്ടർ അതോറിറ്റി ജീവനക്കാരുടെ അംഗീകാരത്തോടെയും മേൽനോട്ടത്തിലുമാണ് പ്രവർത്തികൾ നടപ്പിലാക്കുക. ഈ പദ്ധതിയുടെ ദർഘാസിന് സർക്കാരിൻറെ അംഗീകാരം നൽകിയിട്ടില്ലാത്തതിനാൽ വാട്ടർ അതോറിറ്റി ജീവനക്കാരെ പുനർ വിന്യസിക്കുവാൻ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും എൽദോസ് പി. കുന്നപ്പിള്ളിയിലിന് മന്ത്രി മറുപടി നൽകി. 

Tags:    
News Summary - ADB confirms that it will provide drinking water to the people of Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.