നടിയെ ഉപദ്രവിച്ച സംഭവം: തുമ്പായത് ഡ്രൈവറുടെ പെരുമാറ്റം

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികളെപ്പറ്റി പൊലീസിന് സൂചന നല്‍കിയത് നടി സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ പെരുമാറ്റം. തന്‍െറ കാറില്‍ യാത്രചെയ്ത നടിയെ നാലംഗ സംഘം ഉപദ്രവിച്ചിട്ടും അത് ഗൗനിക്കാതെ സംവിധായകന്‍െറ വീടിനു മുന്നില്‍ ഇറക്കിവിട്ട് ഡ്രൈവര്‍ മാര്‍ട്ടിന്‍ മടങ്ങിയത് പൊലീസിന് സംശയം ജനിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തൃക്കാക്കര പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് നടിയുടെ മുന്‍ ഡ്രൈവര്‍കൂടിയായ സുനില്‍കുമാറാണ് മുഖ്യ ആസൂത്രകനെന്ന് വ്യക്തമായത്. വാഹനാപകട രംഗം സൃഷ്ടിച്ച് സുനില്‍കുമാറിനും സംഘത്തിനും വാഹനത്തില്‍ അതിക്രമിച്ചു കയറാന്‍ അവസരമൊരുക്കിയത് മാര്‍ട്ടിനാണെന്നും വ്യക്തമായി. നടിക്ക് സംശയം തോന്നാതിരിക്കാനാണത്രെ ഇയാള്‍ അക്രമിസംഘത്തെ ചെറുത്തതായും അവര്‍ ഇയാളെ മര്‍ദിച്ചതായും ഭാവിച്ചത്. നേരത്തേ തയാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു ഇതെല്ലാം. തൃശൂരില്‍നിന്ന് പുറപ്പെട്ടതുമുതല്‍ ഓരോ നീക്കവും ഇയാള്‍ അക്രമി സംഘത്തെ അറിയിച്ചതായും പൊലീസ് കണ്ടത്തെി. മാര്‍ട്ടിനും സുനില്‍കുമാറും തമ്മില്‍ നാല്‍പതിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടതിന്‍െറ തെളിവുകളും പൊലീസിന് ലഭിച്ചു. 

സിനിമ ഷൂട്ടിങ് സംഘങ്ങള്‍ക്ക് ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നയാളാണ് സുനില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട നടിയുടെ ഡ്രൈവറായും ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്നു. എന്നാല്‍ പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിലുള്ള പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഭീഷണിപ്പെടുത്തി പണം തട്ടലും ഇയാളുടെ ലക്ഷ്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ നിദേശപ്രകാരമാണ് നടിക്കായി പ്രൊഡക്ഷന്‍ യൂനിറ്റ് ഏര്‍പ്പെടുത്തിയ കാര്‍ ഓടിക്കാന്‍ മാര്‍ട്ടിന്‍ എത്തിയത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍െറ നമ്പര്‍ വ്യാജമായിരുന്നു. ഇരുചക്ര വാഹനത്തിന്‍െറ നമ്പറാണത്രെ ഇവര്‍ സഞ്ചരിച്ച ട്രാവലറില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സംഘത്തിലെ നാലുപേരും നടിയെ ഉപദ്രവിച്ചതായാണ് പൊലീസ് കരുതുന്നത്. 

നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു
തിരുവനന്തപുരം: അങ്കമാലിയില്‍ ചലച്ചിത്രനടിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ നോര്‍ത്ത് സോണ്‍ ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. സൗത്ത് സോണ്‍ എ.ഡി.ജി.പി ഡോ.ബി. സന്ധ്യ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇതുകൂടാതെ പ്രതികളെ കണ്ടത്തെി അറസ്റ്റ് ചെയ്യാന്‍ മറ്റൊരു പ്രത്യേക സംഘത്തെയും പൊലിസ് മേധാവി നിയോഗിച്ചു. കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ്, കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര, ആലുവ ഡിവൈ.എസ്.പി കെ.ജി. ബാബുകുമാര്‍, കൊച്ചി സിറ്റി ഇന്‍ഫോപാര്‍ക്ക് വനിത സി.ഐ പി.കെ. രാധാമണി എന്നിവര്‍  അന്വേഷണ സംഘത്തിലുണ്ടാവും. ഡിവൈ.എസ്.പി ബാബുകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 
 

Tags:    
News Summary - actress kidnapped, molested by gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.