നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈകോടതിയെ സമീപിക്കും. ഇക്കാര്യമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഈ കോടതിയിൽ നിന്ന് അതിജീവിച്ച നടിക്ക് നീതിലഭിക്കില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം.

തുടർച്ചയായി പ്രതികൾ കൂറുമാറുന്നതിനാൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജയിൽ കോടതി ഇതുവരെ വിധി പറഞ്ഞില്ല, വളരെയധികം സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് ആക്രമിക്കപ്പെട്ട നടി കോടതിയിൽ എത്തിയത്, തുറന്ന കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്ന നേരത്ത് പ്രതിഭാഗത്തെ അഭിഭാഷകരും സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും അടക്കമുളളവരുടെ സാന്നിധ്യത്തിൽ ഊമക്കത്ത് വായിച്ചത് ശരിയായില്ല എന്നൊക്കെയാണ് പ്രോസിക്യൂഷൻ സമർപ്പിക്കുന്ന ഹരജിയിൽ ഉള്ളതെന്നാണ് സൂചന.

കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എ. സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.