നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും പെൻ ഡ്രൈവും ഹാജരാക്കാൻ ഹൈകോടതിയുടെ നിർദേശം

​കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നുവെന്ന അതിജീവിതയുടെ ഹരജിയിൽ ഹൈകോടതിയുടെ നിർണായക ഇടപെടൽ. സീൽഡ് ​കവറിൽ മെമ്മറി കാർഡ് -പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണമെന്ന് ഹൈകോടതി നിർദേശിച്ചു. മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് വിചാരണക്കോടതിയോട് നിർദേശിച്ചത്.

നേരത്തേ, രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസ് ഡയസിന്റെ സിംഗിൾ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരാണ് പിന്മാറിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈകോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് അതിജീവിതയുടെ ​ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കേ, ഹാഷ് വാല്യൂ മാറിയെന്നും അനധികൃതമായി പരിശോധിച്ചെന്നുമാണ് അതിജീവിതയുടെ ആരോപണം. കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നാണ് ആവശ്യം. മെമ്മറി കാർഡ് ഹൈകോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് അതിജീവിത ഹരജിയിൽ ആരോപിച്ചിരുന്നു. മുൻ അന്വേഷണ റിപോർട്ട് റദ്ദാക്കണമെന്നും ഹൈകോടതിയുടെ മേൽനോട്ടത്തിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. 

Tags:    
News Summary - actress attack case kerala high court summons leaked memory card hash value controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.