നടിയെ ആക്രമിച്ച കേസ്​: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന്​ ദിലീപിന്‍റെ അഭിഭാഷകൻ

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന്​ കേസിൽ പ്രതിയായ നടൻ ദിലീപിന്‍റെ അഭിഭാഷകൻ. അഭിഭാഷകർ നിയമവിരുദ്ധമായി കേസിൽ ഇടപെട്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ്​ നശിപ്പിക്കാനും ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ആക്രമണത്തിനിരയായ നടി നൽകിയ പരാതിയിൽ ലഭിച്ച നോട്ടീസിന്​ സീനിയർ അഭിഭാഷകൻ ബി. രാമൻ പിള്ള സമർപ്പിച്ച മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. അഭിഭാഷക നിയമത്തിനു വിരുദ്ധമായി താൻ ഇടപെട്ടിട്ടില്ലെന്നാണ്​ മറുപടി വിശദീകരണത്തിൽ പറയുന്നത്​.

ദിലീപിന്റെ അഭിഭാഷകരായ രാമൻപിള്ള, ഫിലിപ്പ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയായിരുന്നു നടിയുടെ പരാതി. നടിയെ ആക്രമിച്ച കേസിൽ തെളിവു നശിപ്പിക്കാൻ അഭിഭാഷകർ ദിലീപടക്കമുള്ളവരുടെ ഫോണുകളുമായി മുംബൈയിലെ സ്വകാര്യ ഫോറൻസിക് ലാബിനെ സമീപിച്ചിരുന്നെന്നും ചില സാക്ഷികളെ ഇവർ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഈ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി കേരള ബാർ കൗൺസിലിനെ സമീപിച്ചത്. അഭിഭാഷക നിയമത്തിലെ സെക്ഷൻ 35 പ്രകാരം നടപടി ആവശ്യപ്പെടുന്ന തരത്തിലുള്ള ഔദ്യോഗിക പെരുമാറ്റദൂഷ്യം തനിക്കെതിരെ ആരോപിക്കാൻ കഴിയില്ലെന്ന്​ മറുപടിയിൽ പറയുന്നു. പരാതിയിൽ നടി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

ആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും ഈ തെളിവുകൾ ആധാരമാക്കി പരാതിയിൽ തീരുമാനമെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ, നടി തന്നെ തെളിവുകൾ ഹാജരാക്കണമെന്നാണ് ചട്ടം പറയുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.

അഡ്വ. ഫിലിപ്പ് ടി. വർഗീസും അഡ്വ. സുജേഷ് മേനോനും മറുപടി നൽകിയിട്ടില്ല. ഈ വിഷയം ഓർമപ്പെടുത്തി ബാർ കൗൺസിൽ ഇരുവർക്കും കത്ത്​ നൽകിയിട്ടുണ്ട്. അഡ്വ. രാമൻപിള്ളയുടെ മറുപടിയുടെ പകർപ്പ് ബാർ കൗൺസിൽ നടിക്ക്​ നൽകി കൂടുതൽ വിശദീകരണം തേടും. നടിയുടെ വിശദീകരണം കൂടി പരിഗണിച്ചാകും പരാതിയിൽ തീർപ്പുണ്ടാക്കുക.

Tags:    
News Summary - Actress Attack case: Dileep's lawyer says nothing has been done illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.