നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രതി നടൻ ദിലീപിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബിൽ രാവിലെ 10ന് ഹാജരാകാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. കേസിന്റെ തുടരന്വേഷണത്തിൽ ഇത് ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. 63 ദിവസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിലാണ് ദിലീപിനെ ഒടുവിൽ ചോദ്യം ചെയ്തത്. ഹൈകോടതി നി‌ർദേശപ്രകാരമായിരുന്നു ദിലീപ് ഹാജരായത്. ഫോറൻസിക് റിപ്പോർട്ടുകൾ, കൂടുതൽ പേരുടെ മൊഴികൾ, രണ്ടുമാസത്തെ തുടരന്വേഷണത്തിലെ പുതിയ കണ്ടെത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ദിലീപ് നേരിടേണ്ടിവരുക. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ നി‌ർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണസംഘം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തി തുടരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ ദിലീപ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹ‌രജി തള്ളിയിരുന്നു.

ഏപ്രിൽ 15നുമുമ്പ് തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈകോടതി നിർദേശം. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്ക് വ്യക്തമാകുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടുകളുൾപ്പെടെ ചോദ്യം ചെയ്യലിൽ നിർണായകമാകും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നെന്ന ആരോപണത്തിലും വിവരങ്ങൾ തേടും.

കഴിഞ്ഞ വ്യാഴാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ദിലീപിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ദിലീപ് അസൗകര്യം അറിയിച്ചതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Actress assault case: Dileep will be questioned by the crime branch today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.