പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി തട്ടിപ്പിൽ വിരമിച്ച ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ഇതുസംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ ലോ ഓഫിസർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. ഈ മാസം 14ന് നടക്കുന്ന ബോർഡ് യോഗം വിജിലൻസ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. ഇതിലാകും ഉദ്യോഗസ്ഥ നടപടിയിൽ തീരുമാനം. ഇവരിൽനിന്ന് ആദ്യം വിശദീകരണം തേടണമോയെന്നതിലും നിയമോപദേശം തേടും.
ദേവസ്വം വിജിലൻസ് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലുൾപ്പെട്ട ഒമ്പത് ഉദ്യോഗസ്ഥരിൽ രണ്ടുപേർ മാത്രമാണ് നിലവിൽ സർവിസിലുള്ളത്. ഇതിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അസി.എൻജിനീയർ കെ. സുനിൽകുമാറും സർവിസിലുണ്ട്. ബാക്കി ഏഴുപേർ വിരമിച്ചവരാണ്. വിരമിച്ചവരുടെ പെൻഷൻ അടക്കം തടയുന്നതാണ് ദേവസ്വം ബോർഡ് പരിഗണിക്കുന്നത്. വിരമിക്കൽ ആനുകൂല്യം തിരിച്ചുപിടിക്കുന്ന കാര്യത്തിലും നിയമോപദേശം തേടും.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽനിന്ന് സാമ്പത്തിക നേട്ടം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്. സ്വർണപ്പാളിക്ക് പകരം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി തട്ടിപ്പിന് ആദ്യ ഒരുക്കം നടത്തിയത് 2019ലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് തിരുത്തിയതായും ഇതിൽ പറയുന്നു. തിരുവാഭരണ കമീഷണർ അടക്കമുള്ളവരുടെ ഉത്തരവാദിത്തത്തിൽ സ്വർണപ്പാളി നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുക്കാനുള്ള ഉത്തരവിലായിരുന്നു വെള്ളംചേർക്കൽ.
ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് മാത്രമായി വിട്ടുകൊടുക്കാനായിരുന്നു ജയശ്രീയുടെ ഉത്തരവ്. തിരുവാഭരണ കമീഷണർമാരായിരുന്ന കെ.എസ്. ബൈജു, ആർ.ജി. രാധാകൃഷ്ണൻ എന്നിവരും വീഴ്ചവരുത്തി. കൃത്യമായ മഹസർ റിപ്പോർട്ട് തയാറാക്കാതെ, ശിൽപങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാത്രം കൈവശം വിട്ടുകൊടുത്തതിലും ബൈജുവിന് വീഴ്ചയുണ്ടായി. ചെന്നൈയിലെത്തി മഹസർ തയാറാക്കിയപ്പോൾ ഭാരവ്യത്യാസം കാണുകയും ചെമ്പ് മാത്രമാണെന്ന് അറിയുകയും ചെയ്തിട്ടും ദേവസ്വം ബോർഡിനെ അറിയിക്കുകയോ തടയുകയോ ചെയ്യാതെ ആർ.ജി. രാധാകൃഷ്ണൻ ഉണ്ണികൃഷ്ണന്റെ കള്ളത്തരത്തിന് കൂട്ടുനിന്നതായും റിപ്പോർട്ടിലുണ്ട്. അസി. എൻജിനീയർ കെ. സുനിൽ കുമാർ, എക്സിക്യൂട്ടീവ് ഓഫിസർ കെ. സുധീഷ് കുമാർ, ശ്രീകുമാർ, രാജേന്ദ്ര പ്രസാദ്, കെ. രാജേന്ദ്രൻ എന്നിവരും ഉത്തവാദിത്തം നിർവഹിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.