റാപ്പ് ഗായകൻ വേടന്റെ കേസ് പൂർണമായും അവസാനിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്- കെ. സഹദേവൻ

കോഴിക്കോട് : റാപ്പ് ഗായകൻ വേടന്റെ കേസ് പൂർണമായും അവസാനിപ്പിക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് സാമൂഹിക ചിന്തകൻ കെ. സഹദേവൻ. വേടനെ വേട്ടയാടിയത് തെറ്റാണെന്ന് ഇനി ഈ ഭൂമി മലയാളത്തില്‍ പറയാന്‍ ബാക്കിയുള്ളത് ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ മാത്രമാണ്.

ഈയൊരവസരത്തില്‍ ഒറ്റക്കാര്യം മാത്രമേ ഓര്‍മ്മിപ്പിക്കാനുള്ളൂ. കേസിന്റെ വൈകാരികത കണക്കിലെടുത്ത് പ്രസ്താവനകളും ഐക്യദാര്‍ഢ്യങ്ങളുമായി ഏറെപ്പേരുണ്ടാകും. താല്‍ക്കാലികമായി വേട വേട്ടക്ക് ശമനമുണ്ടാകും. പക്ഷേ, ഇത്തരം കേസുകളില്‍ ആദ്യഘട്ടത്തിലെ വൈകാരിക പ്രകടനങ്ങള്‍ തീര്‍ന്നുകഴിഞ്ഞാല്‍ എല്ലാവരും വിഷയം മറക്കും.

വേടനെതിരായുള്ള കേസ് പൂർണമായും അവസാനിച്ചുവോ എന്ന് അന്വേഷിക്കാന്‍ ആരും മെനക്കെടാന്‍ പോകുന്നില്ല. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാലും കോടതിയിലെ ഏതെങ്കിലും കടലാസുകളില്‍ ആ കേസ് പൊടിപിടിച്ച് കിടക്കും. പിന്നീടൊരുനാള്‍ കേസ് ഉയര്‍ന്നുവരും.

കോടതി വരാന്തയില്‍ കയറിയിറങ്ങുന്ന വേടനെ ആരും അന്വേഷിക്കുക പോലും ചെയ്യില്ല. അതുമായി ബന്ധപ്പെട്ട നിരവധി നൂലാമാലകള്‍ അദ്ദേഹത്തെ തേടി വരും. ഒരു വിദേശയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥ വരും.

അതുകൊണ്ട് ആദ്യഘട്ട വൈകാരിക പ്രകടനങ്ങള്‍ക്ക് ശമനം വന്നാല്‍ ഗോവിന്ദന്‍ മാഷടക്കമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ കേസ് പൂർണമായും അവസാനിപ്പിക്കാനുള്ള നടപടിയാണ്. അനുഭവം ഗുരുവായതുകൊണ്ട് പറയുന്നതാണെന്നും കെ.സഹദേവൻ കുറിച്ചു.

Tags:    
News Summary - Action is needed to completely end the case of rap singer Vedan - K. Sahadevan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.