കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളിൽ വത്തിക്കാന്‍റെ നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കാത്ത നാല് വൈദികർക്കെതിരെ നടപടി. ജനാഭിമുഖ കുർബാന തുടരണമെന്ന നിലപാടെടുത്ത വൈദികരെയാണ് സിറോ മലബാർ സഭ സ്ഥലംമാറ്റിയത്. സ്ഥലം നിശ്ചയിച്ചു നൽകാതെയാണ് മാറ്റം.
അതിനിടെ, ഇതിൽ പ്രതിഷേധിച്ച് സഭ ആസ്ഥാനത്ത് സത്യഗ്രഹം ആരംഭിച്ച ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. സെബാസ്റ്റ്യൻ തളിയന്‍ എന്നിവരെ അതിരൂപത അധികൃതരുടെ പരാതിയിൽ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
ഏകീകൃത കുർബാന അർപ്പണം അതിരൂപതയിലെ പള്ളികളിൽ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും കാനോൻ നിയമപ്രകാരം വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ് സിറിൽ വാസിൽ 12 വൈദികർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.
കുർബാന വിവാദത്തിൽ മധ്യസ്ഥ ചർച്ചക്കെത്തിയ വത്തിക്കാൻ പ്രതിനിധിയെ തടയുകയും പ്രകോപന മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിശ്വാസികളുടെ നടപടി നീതീകരിക്കാനാകാത്തതാണെന്ന കർദിനാൾ ആലഞ്ചേരിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് വൈദികരെ സ്ഥലംമാറ്റിയത്. കൊച്ചിയിൽ നടക്കുന്ന സിനഡ് സമ്മേളനത്തിന്‍റെ തീരുമാന പ്രകാരമാണ് ഇതെന്നാണ് വിവരം. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് വൈദിക സമിതിയും അൽമായരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.