‘കേരളത്തിൽ യു.ഡി.എഫ്’, ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ; തമിഴ്നാട്ടിൽ ഡി.എം.കെ, ബംഗാളിൽ ബി.ജെ.പി

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ടൈംസ് നൗ-ജെ.വി.സി, ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേകളിൽ ചൂണ്ടിക്കാട്ടുന്നത്.

78 മുതൽ 90 വരെ സീറ്റുകൾ നേടിയുള്ള കൂറ്റൻ വിജയമാണ് യു.ഡി.എഫിന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. എൽ.ഡി.എഫ് 49 മുതൽ 62 വരെ നേടും. ബി.ജെ.പി പൂജ്യം മുതൽ മൂന്ന് വരെയും. മധ്യമേഖലയിലെ 29 സീറ്റുകളിൽ 22-26 വരെ യു.ഡി.എഫും മൂന്ന് മുതൽ ഏഴ് വരെ എൽ.ഡി.എഫും പൂജ്യം മുതൽ ഒന്ന് വരെ എൻ.ഡി.എയും നേടും. മലബാർ മേഖലയിലെ 63 സീറ്റുകളിൽ 36 -38 സീറ്റുകൾ യു.ഡി.എഫിന് കിട്ടും. 25-27 സീറ്റുകൾ എൽ.ഡി.എഫിനും. തെക്കൻ മേഖലയിലെ 48 സീറ്റുകളിൽ 25 മുതൽ 29 വരെയാണ് യു.ഡി.എഫ് നേടുക. 18 മുതൽ 22 വരെ എൽ.ഡി.എഫും പൂജ്യം മുതൽ രണ്ട് വരെ എൻ.ഡി.എയും.

കന്നി വോട്ടർമാരും യുവാക്കളും യു.ഡി.എഫിന് വോട്ടു ചെയ്തുവെന്നും മുതിർന്ന പൗരൻമാർ എൽ.ഡി.എഫിനെ പിന്തുണച്ചുവെന്നുമാണ് ആക്സിസ് മൈ ഇന്ത്യയുടെ കണ്ടെത്തൽ. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യു.ഡി.എഫ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11 ശതമാനത്തിന്‍റെ വർധനമാണ് കന്നിവോട്ടർമാരുടെ വോട്ടിൽ യു.ഡി.എഫിനുണ്ടായത്. എൽ.ഡി.എഫിന് കന്നിവോട്ടിൽ 13 ശതമാനത്തിന്‍റെ കുറവ് വരുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 20 നും 20 നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ നിന്നാണ് യു.ഡി.എഫിന് കൂടുതൽ പിന്തുണ ലഭിച്ചത്. ഭരണവിരുദ്ധ വികാരവും യുവാക്കൾക്കിടയിലെ സ്വാധീനക്കുറവുമാണ് എൽ.ഡി.എഫിന്‍റെ വോട്ടു വിഹിതത്തിൽ ഇടിവ് വരുത്തുക.

70 മുതൽ 75 വരെയുള്ള സീറ്റുകൾ സ്വന്തമാക്കി യു.ഡി.എഫ് കസേരയുറപ്പിക്കുമെന്നാണ് മാട്രിക്സ് സർവേ അടിവരയിടുന്നത്. 60 മുതൽ 65 വരെ എൽ.ഡി.എഫിന് ലഭിക്കുമെന്നും മൂന്ന് മുതൽ അഞ്ചുവരെ ബി.ജെ.പി നേടുമെന്നും മാട്രിക്സ് ചൂണ്ടിക്കാട്ടുന്നു.

പീപ്പിൾസ് പൾസ് 75 മുതൽ 85 വരെ സീറ്റിൽ യു.ഡി.എഫിനും 55 മുതൽ 65 വരെ എൽ.ഡി.എഫിനും പ്രവചിക്കുന്നു. പൂജ്യം മുതൽ മൂന്ന് സീറ്റ് വരെ ബി.ജെ.പി നേടുമെന്നും പീപ്പിൾസ് പൾസ് പറയുന്നു. ടൈംസ് നൗ സർവേ പ്രകാരം 72 മുതൽ 84 വരെ സീറ്റുകൾ യു.ഡി.എഫ് നേടും. 52 മുതൽ 61 വരെയാണ് ടൈംസ് നൗ എൽ.ഡി.എഫിന് പ്രവചിക്കുന്നത്. മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ എൻ.ഡി.എയും.

സി.എൻ.എൻ വോട്ട് വൈബ് സർവേപ്രകാരം 75 മുതൽ 80 വരെ സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് കണ്ടെത്തൽ. എൽ.ഡി.എഫിന് കിട്ടുക 58 മുതൽ 68 വരെ സീറ്റുകളാണ്. ബി.ജെ.പിക്ക് പൂജ്യം മുതൽ നാല് വരെയും 71 മുതൽ 79 വരെ സീറ്റുകൾ സ്വന്തമാക്കി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് പി- മാർക്ക് സർവേ ചൂണ്ടിക്കാട്ടുന്നത്. 62 മുതൽ 69 വരെ സീറ്റുകൾ എൽ.ഡി.എഫ് നേടും. ഒന്ന് മുതൽ നാല് വരെ സീറ്റുകളാണ് ബി.ജെ.പിക്ക് പി -മാർക്ക് പ്രവചിക്കുന്നത്.

ടുഡെയ്സ് ചാണക്യ 72 മുതൽ 80 വരെ സീറ്റുകൾ യു.ഡി.എഫ് നേടുമെന്ന് ചൂണ്ടിക്കാട്ടുന്നു. 60-65 സീറ്റുകളാണ് ഇടതുമുന്നണി നേടുക. മൂന്ന് മുതൽ ഏഴ് വരെ ബി.ജെ.പിയും. 

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. 125 മുതൽ 145 സീറ്റുകൾ വരെ നേടി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ സഖ്യം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പീപ്പിൾസ് പൾസും പി-മാർക്കും പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെ സഖ്യം 65 മുതൽ 85 സീറ്റുകൾ പരെയും വിജയുടെ ടി.വി.കെ 16-26 സീറ്റുകൾ വരെ കീഴടക്കുമെന്നാണ് പി-മാർക്കിന്റെ വിലയിരുത്തൽ. അതേസമയം, അണ്ണാ ഡി.എം.കെ സഖ്യം 65-80 സീറ്റുകൾ വരെയും ടി.വി.കെ 18-24 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ആകെയുള്ള 294 സീറ്റുകളിൽ ബി.ജെ.പിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പി മാർക്കിന്‍റെ പ്രവചനം. തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാം. 148 സീറ്റുകളാണ് ബംഗാളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 146 മുതൽ 161 വരെ സീറ്റുകളും ടി.എം.സിക്ക് 125 മുതൽ 140 വരെ സീറ്റുകളുമാണ് മാട്രിസ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 6 മുതൽ 10 വരെ സീറ്റുകൾ ലഭിച്ചേക്കും. പോൾ ഡയറി ബി.ജെ.പിക്ക് 142 മുതൽ 171 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ ഭരണകക്ഷിയായ ടി.എം.സിക്ക് 99 മുതൽ 127 വരെ സീറ്റുകളേ ലഭിക്കൂ എന്നും പറയുന്നുണ്ട്.

Tags:    
News Summary - Exit polls predict UDF to rule in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.