ബേപ്പൂർ വില്ലേജിലെ മുൻ ഓഫീസർക്കും അസിസ്റ്റന്റിനുമെതിരെ നടപടി

കോഴിക്കോട് : ബേപ്പൂർ വില്ലേജിലെ മുൻ ഓഫീസർക്കും അസിസ്റ്റന്റിനുമെതിരെ നടപടി. വില്ലേജ് ഓഫീസറായിരുന്ന വി.ടി. ഉമേഷ്, വില്ലേജ് അസിസ്റ്റന്റായിരുന്ന പി.മോഹനദാസ് എന്നിവർക്കെതിരെയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഉമേഷിന്റെ ഒരു വാർഷിക വേതന വർധനവ് തടയും. മോഹൻദാസിന്റെ രണ്ട് വാർഷിക വേതന വർധനവിന് തുല്യമായി തുക ഈടാക്കാനുമാണ് ഉത്തരവ്.

ബേപ്പൂർ വില്ലേജ് ഓഫീസിൽ 2018ൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളെ തുടർന്നാണ് നടപടി.  പരിശോധന നടത്തിയദിവസം സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ. വിനോദ് കുമാർ ഹാജരായിരുന്നില്ല. ഹാജരില്ലായ്‌മ അറ്റൻഡൻസ് രജിസ്റ്ററിലും കാഷ്യൽ ലീവ് രജിസ്റ്ററിലും രേഖപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. വില്ലേജ് ഓഫീസിൽ ലഭിക്കുന്ന തപാലുകൾ ഒരു രജിസ്റ്ററിലും ഉൾപ്പെടുത്തുന്നില്ലായെന്നും അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് നൽകുന്നില്ലായെന്നും കണ്ടെത്തി.

തുറമുഖ വകുപ്പിലെ ഹൈഡ്രോ ഗ്രാഫിക് സർവേ വിങിൽ നിന്നും വിരമിച്ച ഒരു ഫീൽഡ് അസിസ്റ്റൻറ് വില്ലേജ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമിടയിൽ ഏജന്റ് ആയി പ്രവർത്തിക്കുന്നതായും, വില്ലേജ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ചെയ്യുന്നതായും കണ്ടെത്തി. ഈ വീഴ്‌ചകൾക്കുത്തരവാദികളായ ബേപ്പൂർ വില്ലേജ് ഓഫീസർ വി.ടി.ഉമേഷ്, വില്ലേജ് അസിസ്റ്റൻറ് പി. മോഹനദാസ് എന്നിവർക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും, വില്ലേജ് അസിസ്റ്റന്റ്റ് വിനോദ് കുമാറിനെതിരെ ലഘുശിക്ഷക്കുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും ശിപാർശ ചെയ്തിരുന്നു. തുടർന്ന് ആരോപണ വിധേയർക്കെതിരെ സർക്കാർ അച്ചടക്ക നടപടി ആരംഭിക്കുകയും കുറ്റപത്രം നൽകുകയും ചെയ്തു.

ആരോപണ വിധേയരായ ഉദ്യോഗസ്ഥർ സമർപ്പിച്ച മറുപടിയിന്മേൽ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. സർവേയിൽ നിന്നും വിരമിച്ച ഒരു ഫീൽഡ് അസിസ്റ്റന്റ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമിടയിൽ ഏജൻറായി പ്രവർത്തിക്കുന്നതിന് ഒത്താശ ചെയ്തു എന്ന ആരോപണത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ബേപ്പൂർ വില്ലേജ് ഓഫീസറായിരുന്ന വി.ടി.ഉമേഷ്, വില്ലേജ് അസ്സിസ്റ്റന്റായിരുന്ന പി. മോഹനദാസ് എന്നിവർക്കെതിരെയുള്ള കുറ്റപത്രത്തിലെ ആരോപണങ്ങൾ സംബന്ധിച്ച് കുറ്റം നിലനിൽക്കുന്നതായും ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് ചെയ്തു.

വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയാണെന്ന് ഔപചാരിക അന്വേഷണത്തിലും വ്യക്തമായി. പ്രതിവാദപത്രികയിലെ ആരോപണ വിധേയരുടെ വാദങ്ങൾ അംഗീകാരയോഗ്യമല്ലെന്നും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവായത്. 

Tags:    
News Summary - Action against former officer and assistant of Beypur village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.