മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഏഴ് ഏക്കർ ഭൂമി ഏറ്റെടുക്കുന്ന പള്ളിക്കൽ വില്ലേജിലാണ് ആദ്യ സർവേ. ഏഴ് ഏക്കർ ഏറ്റെടുക്കുന്ന നെടിയിരുപ്പ് വില്ലേജിലെ സർവേ ബുധനാഴ്ച നടക്കും.
ജില്ല റവന്യൂ ഉദ്യോഗസ്ഥർ ഭൂവുടമകളെ സന്ദർശിച്ച് നഷ്ടപരിഹാരത്തുക സംബന്ധിച്ച് ബോധ്യപ്പെടുത്തും. ആകെ 92 കുടുംബങ്ങൾക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. ഒരു ചതുരശ്ര അടി സ്ഥലത്തിന് 4500 രൂപ നൽകാനാണ് സർക്കാർ തീരുമാനമെന്ന് കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്ഥ -സമരസമിതി തല ചർച്ചക്കുശേഷം മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞിരുന്നു. നിലവിലെ റണ്‍വേയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 64 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെടുക. ഇവർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജായി 10 ലക്ഷം രൂപ വീതം നൽകാൻ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനെ സമരസമിതിയും ജനപ്രതിനിധികളും സ്വാഗതംചെയ്തിരുന്നു. എന്നാൽ, ഭൂമിയുടെ അടിസ്ഥാനവില നിർണയവുമായി ബന്ധപ്പെട്ട് എതിർപ്പ് ശക്തമാണ്. പള്ളിക്കൽ വില്ലേജിൽ 2.79 മുതൽ 3.29 ലക്ഷം വരെയും നെടിയിരുപ്പിൽ 2.40 ലക്ഷം മുതൽ 2.79 ലക്ഷം വരെയുമാണ് സെന്റിന് സർക്കാർ വില കണക്കാക്കിയത്.
സെന്റിന് അഞ്ചുലക്ഷം രൂപയെങ്കിലും നൽകണമെന്ന് നേരത്തേ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശിപാർശ ചെയ്തിരുന്നു. അത് നടപ്പാക്കണമെന്നാണ് സമരസമിതിയും ജനപ്രതിനിധികളും ആവശ്യപ്പെട്ടത്. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക് 3000 മുതൽ 4500 രൂപ വരെയാണ് നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളത്. പഴക്കം, മേൽക്കൂര കോൺക്രീറ്റോ ഓടോ, തറയിൽ പതിച്ചിരിക്കുന്ന വസ്തു തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുക. മരങ്ങൾ, കിണറുകൾ തുടങ്ങിയവക്കെല്ലാം വെവ്വേറെ നഷ്ടപരിഹാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.