പുതുപ്പള്ളിയിൽ താരോദയമായി അച്ചു ഉമ്മൻ

തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ അച്ചു ഉമ്മന്‍റെ താരോദയമായി വിലയിരുത്തുന്നവർ നിരവധി​. ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപനം​ മുതൽ ആദ്യാവസാനം കേന്ദ്രബിന്ദുവായി അച്ചു ഉമ്മൻ. കൃത്യമായ നിലപാടും​ ദൃഢനിശ്ചയത്തോടെയുള്ള സംസാരവും ഈ 41കാരിയിലേക്ക്​ കണ്ണുകൂർപ്പിക്കാൻ രാഷ്ട്രീയ കേരളത്തെ നിർബന്ധിതമാക്കി. ​

വെള്ളിയാഴ്​ച വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ആദ്യ പ്രതികരണം അച്ചുവിന്‍റേതായിരുന്നു​. ‘53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിനുള്ള മറുപടിയാണ്​ ഈ വിജയമെന്നും വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമെന്നും’ സഹോദരന്‍റെ വിജയത്തെ ആറ്റിക്കുറുക്കിയപ്പോൾ​ എതിരാളികളുടെ കോട്ടയിൽ കയറിയുള്ള ആക്രമണമായത്​​. പ്രചാരണകാലത്ത്​ നിർണായക സന്ദർഭത്തിലെല്ലാം ഈ എം.ബി.എക്കാരി​ എതിരാളികളെ ശക്തമായി പ്രതിരോധിച്ചു.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന്​ തന്നെയാകും സ്ഥാനാർഥിയെന്ന കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍റെ വാക്കിന്​ പിന്നാലെ ആദ്യമുയർന്നത്​ അച്ചുവിന്‍റെ പേര്​. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ചാണ്ടി ഉമ്മനാകും മത്സരിക്കുകയെന്നും സംശയലേശമന്യേയുള്ള നിലപാടായിരുന്നു എം.ജി. സർവ്വകലാശാലയിലെ ഈ പഴയ സെനറ്റംഗത്തിന്‍റേത്​. അതോടെ സൈബർ പോരാളികളുടെ കണ്ണിലെ കരടായി. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്നായി പ്രചാരണം. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കള്‍ സ്വന്തം കഴിവുകൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും വിശദീകരിച്ചാണ്​ അച്ചു​ അവരുടെ വായടപ്പിച്ചത്​.

ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്‍പ്പെടെ സൈബര്‍ പോരാളികള്‍ പിന്നെയും ആയുധമാക്കിയപ്പോൾ ധീരതയോടെ നിയമവഴി തേടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി ഭാരവാഹി പോലുമോ അല്ലാത്ത ഒരാൾ​ തന്‍റെ സാമ്പത്തിക സ്രോതസ്സ്​​ വെളിപ്പെടുത്തുന്നത്​ അതുവരെ രാഷ്ട്രീയ കേരളത്തിന്​ അപരിചിതമായിരുന്നു. പിതാവിനെപോലെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ഇടപാടുകളെല്ലാം സുതാ​ര്യമാണെന്ന സന്ദേശം കൂടിയായി അത്​. 

Tags:    
News Summary - Achu Oommen became a hero in Pudupalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.