അക്കൗണ്ട് മരവിപ്പിച്ചത് പാൻ നമ്പർ തെറ്റിയതിനാൽ -സി.പി.എം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനിടെ തൃശൂരിൽ പാർട്ടി അക്കൗണ്ട് മരവിപ്പിച്ചത് ബാങ്ക് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് കൊണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആദായനികുതി വകുപ്പ്‌ നടത്തിയത്‌ ബി.ജെ.പി ഇംഗിതത്തിന്‌ അനുസരിച്ചുള്ള ഇടപെടലാണ്. ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ബാങ്ക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ വസ്തുതകൾ വ്യക്തമാക്കുന്ന രേഖകളും വാർത്തസമ്മേളനത്തിൽ വിതരണം ചെയ്‌തു.

അഖിലേന്ത്യാടിസ്ഥാനത്തിൽ പാർട്ടിക്ക് AAATC0400A ഒറ്റ പാൻ നമ്പറാണുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയിലാണ് പാർട്ടിക്ക് അക്കൗണ്ടുള്ളത്. ഇതിലെ നാലാമതുള്ള ‘ടി’ക്കുപകരം ‘ജെ’ എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ബാങ്കിന്റെ തെറ്റിന്റെ മറവിലാണ്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി അക്കൗണ്ട്‌ മരവിപ്പിച്ചത്‌. മാർച്ച്‌ രണ്ടിനാണ്‌ ജില്ല കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്ന്‌ പണമെടുത്തത്‌.

മാർച്ച്‌ അഞ്ചിന്‌ ആദായനികുതി വകുപ്പ്‌ നടത്തിയ പരിശോധനയെ തുടർന്ന്‌ ജില്ല കമ്മിറ്റി ഓഫിസ്‌ ജീവനക്കാരെ ബാങ്കിലേക്ക്‌ വിളിച്ചു. പണം പിൻവലിച്ചത്‌ തെറ്റാണെന്ന്‌ വ്യാഖ്യാനിച്ച ആദായനികുതി ഉദ്യോഗസ്ഥർ അക്കൗണ്ട്‌ താൽക്കാലികമായി മരവിപ്പിച്ചു. പിൻവലിച്ച പണം ചെലവാക്കരുതെന്ന്‌ വാക്കാൽ നിർദേശിക്കുകയും ചെയ്‌തു.പാൻകാർഡ്‌ നമ്പറിലുണ്ടായ തെറ്റ്‌ ചൂണ്ടിക്കാട്ടി ജില്ല കമ്മിറ്റി ഏപ്രിൽ 11ന്‌ ബാങ്കിന്‌ കത്തയച്ചു.

അത് രേഖാമൂലം അംഗീകരിച്ചുകൊണ്ട് 18ന് ബാങ്ക് പാർട്ടിക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ആദായനികുതി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ സമൻസിന്റെ അടിസ്ഥാനത്തിലാണ്‌ ഏപ്രിൽ 30ന്‌ ജില്ല സെക്രട്ടറിയും ഓഫിസ്‌ സെക്രട്ടറിയും പണവുമായി ബാങ്കിലെത്തിയത്‌. ഇതിനെയും മാധ്യമങ്ങൾ തെറ്റായി അവതരിപ്പിച്ചു. പണം പിടിച്ചെടുത്തെന്ന രീതിയിലായിരുന്നു വാർത്തകൾ. ഇൻകംടാക്സ് വകുപ്പിന്റെ നടപടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Account frozen due to wrong PAN number -C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.