കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന പി.എച്ച്. സനീഷ് എത്തിയത് കത്തിയുമായാണെന്ന് പൊലീസ്. സംഭവസമയം ഇയാൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച സനീഷിെൻറ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഭിമന്യുവിനെ കുത്തിയത് സനീഷാണോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ജൂലൈ 26ന് അങ്കമാലിയിൽനിന്നാണ് ആറാം പ്രതിയായ സനീഷിനെ അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികൾ ഇടിക്കട്ട, കത്തി, ഉരുട്ടിയ മരവടികൾ തുടങ്ങിയ ആയുധങ്ങൾ കരുതിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോളജ് മതിലിലെ എസ്.എഫ്.ഐയുടെ ചുവരെഴുത്ത് മായ്ച്ചതോടെ സംഘർഷമുണ്ടായി. എസ്.എഫ്.ഐക്കാരെ സനീഷ് ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. കൊലയാളി സംഘത്തിലുൾപ്പെട്ട സനീഷിന് ഗൂഢാലോചനയിലും പങ്കുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന ഫോണും ആക്രമണത്തിനുപയോഗിച്ച മാരകായുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്.
ഒന്നാം പ്രതി മുഹമ്മദ് ഉൾപ്പെടെ 14 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് മുതൽ 16 വരെയുള്ള 10 പ്രതികളെ പിടികൂടാനുണ്ട്. 23ാം പ്രതി ഫസലുദ്ദീൻ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവർക്കുപുറമേ ഗൂഢാലോചനയിലും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിലും ഉൾപ്പെട്ട പ്രതികളെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് 10വരെയാണ് സനീഷിനെ റിമാൻഡ് ചെയ്തത്.
ഗൂഢാലോചനയിലും പദ്ധതി ആസൂത്രണത്തിലും 26ാം പ്രതി മുഹമ്മദ് റിഫക്ക് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യപ്രതിയായ ആരിഫ് ബിൻ സലീം ഉൾപ്പെടെ പ്രതികളുമായി ഇയാൾ ഗൂഢാലോചന നടത്തി. ആക്രമണം നടത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ ഏർപ്പാടാക്കി. പ്രതികളെ രക്ഷപ്പെടുത്താനും തെളിവ് നശിപ്പിക്കാനും മുൻകൈയെടുത്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എറണാകുളത്തെ സ്വകാര്യ േലാ കോളജിൽ നിയമ വിദ്യാർഥിയായ റിഫയെ കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി മുഹമ്മദ്, അഞ്ചാം പ്രതി ആദിൽ ബിൻ സലീം, കെ.കെ. ഷാനവാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. 23ാം പ്രതി ഫസലുദ്ദീനെ ആഗസ്റ്റ് ഒന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.