കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡൻറും മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർഥിയുമായ മുഹമ്മദാണ് പൊലീസിൻെറ പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്.
കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്കു വിളിച്ചുവരുത്തിയതും മുഹമ്മദാണ്. ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം കോളജിലേക്കു വിളിച്ചുവരുത്തിയതും മുഹമ്മദാണെന്ന് പൊലീസ് പറയുന്നു. കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡൻറ് കൂടിയാണ്.
കേസിൽ പ്രധാനപ്രതികളായ നാലുപേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ജില്ലക്കു പുറത്തുനിന്നാണ് മുഹമ്മദ് ഉൾപ്പെടെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. ഇയാളെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. മുഹമ്മദ് ഉൾപ്പെടെ പ്രധാന പ്രതികൾ പിടിയിലായതോടെ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നും എന്തിനുവേണ്ടിയാണെന്നതും ഉൾപ്പെടെ കാര്യങ്ങൾ വ്യക്തമാകും. കൊലപാതക സംഘത്തിൽ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം.
കഴിഞ്ഞദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി അംഗമായ ആദിലിെന ചോദ്യം ചെയ്തതിൽ നിന്നാണ് മുഹമ്മദിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമായത്. ആദിൽ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എസ്.എഫ്.ഐക്കാർ അടിച്ചാൽ തിരിച്ചടിക്കാൻ തീരുമാനമുണ്ടായിരുന്നതായും അതിനായി ആയുധങ്ങൾ കരുതിയിരുന്നുവെന്നും ആദിൽ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.