കൊച്ചി: ‘മഹാഭാരത യുദ്ധത്തിലാണ് ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെക്കുറിച്ച് വിവരിക്കുന്നത്. മഹാരഥന്മാർ യുദ്ധസ്ഥാനങ്ങള് മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണ് ചക്രവ്യൂഹം. ഇങ്ങനെയുള്ള സ്ഥാനമാറ്റം വഴി അവരുടെ യുദ്ധമുന്നണി എപ്പോഴും സജീവമായിരിക്കും. എന്നാൽ, എതിർത്തുനിൽക്കുന്നവൻ ഒരേ ദിശയിൽതന്നെ യുദ്ധംചെയ്ത് തളരും. അതു ഭേദിച്ച് പുറത്തെത്തുക ദുഷ്കരമാണ്’-അഭിമന്യുവെന്ന ഇരുപതുകാരനോട് കാമ്പസ് രാഷ്ട്രീയത്തിെൻറ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിേട്ടാ ഇടക്കിടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ജീവിതത്തിലും രാഷ്ട്രീയത്തിലും വെല്ലുവിളികളും എതിർപ്പുകളുമൊക്കെ ചക്രവ്യൂഹം തീർക്കുന്ന സാഹചര്യങ്ങളുണ്ടാകും. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി അതിൽ നിന്നെല്ലാം ഒഴിഞ്ഞ് ലക്ഷ്യത്തിലേക്ക് മുന്നേറണം. സൂത്രപ്പണിയൊന്നും വശമില്ലാത്ത നീ സൂക്ഷിക്കണം. പക്ഷേ അപ്പോഴൊന്നും ഇത്തരമൊരു ദുരന്തത്തിന് താൻ സാക്ഷിയാകുമെന്ന് സൈമൺ ബ്രിട്ടോ കരുതിയിരുന്നില്ല.
അഭിമന്യുവിെൻറ വിയോഗത്തിൽനിന്ന് അദ്ദേഹം ഇപ്പോഴും മോചിതനായിട്ടില്ല. വർഗീയ വെറി പൂണ്ടവരുടെ കത്തിമുനയിലാണ് അവെൻറ സ്വപ്നങ്ങൾ ഇല്ലാതായതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ജനറല്‍ ആശുപത്രിയിലും മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിന് മുന്നിലും നിറകണ്ണുകളോടെ അദ്ദേഹമവനെ പിന്തുടർന്നു. ഭാര്യ സീനയും മകൾ നിലാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു അഭിമന്യു. 1800 പേജുള്ള അദ്ദേഹത്തിെൻറ യാത്ര വിവരണത്തിെൻറ ഏറിയ പങ്ക് പകർത്തിയെഴുതിയതും അഭിമന്യുവാണ്. എല്ലാവരോടും വലിയ സ്നേഹമായിരുന്നു അവന്. കുടുംബാംഗത്തെ പോലെയായിരുന്നു. തന്നെ കട്ടിലില്‍നിന്ന് ഉയർത്താനും ഫിസിയോ തെറാപ്പി ചെയ്യാനും സഹായിക്കും. കഴിഞ്ഞദിവസം മുണ്ട് സമ്മാനമായി നൽകി. അവനത് ഉടുത്തിരുന്നോയെന്ന് അറിയില്ലെന്ന് പറയുമ്പോഴേക്കും ബ്രിട്ടോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ജീവിത പ്രാരബ്ധങ്ങളും അവനെ വലച്ചിരുന്നു. വീട്ടിൽപോകാൻ പൈസയില്ലെങ്കിൽപോലും കൊടുത്താൽ വാങ്ങാത്ത പ്രകൃതം. ഭക്ഷണം കൊടുത്താൽ ഹോസ്റ്റലിൽ ആരും കഴിച്ചിട്ടുകൂടിയില്ലെന്നു പറഞ്ഞായിരുന്നു അവനത് കഴിച്ചിരുന്നത്. സഹജീവികളോടുള്ള അവെൻറ സ്നേഹം എന്നിലുണ്ടാക്കിയ മതിപ്പിന് പരിധിയില്ലായിരുന്നെന്നും കണ്ണീരോടെ അദ്ദേഹം ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.