അബ്​ദുല്ല യൂസുഫ്​ അലിയുടെ വിഖ്യാത ഇംഗ്ലീഷ്​ ഖുർആൻ വ്യാഖ്യാനം മലയാളത്തിൽ

ബഹുഭാഷാ പണ്ഡിതനും ബുദ്ധിജീവിയുമായ അബ്​ദുല്ല യൂസുഫ്​ അലി ഇംഗ്ലീഷിൽ രചിച്ച വിശ്വപ്രസിദ്ധ ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥം മലയാളത്തിൽ പുറത്തിറങ്ങുന്നു. ഖുർആൻ മലയാളം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം (ആദ്യ ഭാഗം) ജനുവരി ഒന്ന്​ ശനിയാഴ്​ച്ച വൈകുന്നേരം നാല്​ മണിക്ക്​ ഇടപ്പള്ളി അൽ അമീൻ പബ്ലിക്​ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖ പ്രവാസി മലയാളി വ്യവസായിയും വിദ്യാഭ്യാസ സംരംഭകനുമായ ഡോ. പി. മുഹമ്മദലി (ഗൾഫാർ) പ്രകാശനം ചെയ്യും. ജസ്റ്റിസ്​ പി.കെ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന പ്രകാശന സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആദ്യപ്രതി ഏറ്റുവാങ്ങും.

വിശിഷ്ടാതിഥികളായി പ്രാഫ. എം.കെ. സാനു, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി എന്നിവർക്കൊപ്പം. റോമിലെ 'തവാസുൽ' സെന്റർ ഫോർ റിസർച്ച് ആൻഡ് ഡയലോഗ് ഡയറക്ടറും ഇറ്റാലിയൻ ബുദ്ധിജീവിയും യൂസുഫ് അലിയുടെ ഖുർആൻ വ്യാഖ്യാനത്തിന്റെ ഇറ്റാലിയൻ പരിഭാഷകയുമായ ഡോ. സെബ്രിന മലയ് ഓൺലൈനായും പങ്കെടുക്കും. ടി.കെ. ഉബൈദ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, മുഹമ്മദ് തൗഫീഖ് മൗലവി, ബാബു സേട്ട്, അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ, എം.പി. ഫൈസൽ, സി. എച്. അബ്ദുറഹീം, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഇഖ്​ബാൽ വലിയവീട്ടിൽ, മുജീബ് റഹ്മാൻ എം.എം. യാസർ ഇല്ലത്തൊടി എന്നിവരും പങ്കെടുക്കും.


ഖുർആൻ കാഴ്ചവെക്കുന്ന സമഗ്രജീവിതസ്പർശിയും കാലാതിവർത്തിയുമായ ആശയങ്ങളുടെ ഔന്നത്യവും ഖുർആനിക ഭാഷയുടെ മനോഹാരിതയും വായനക്കാരെ അനുഭവിപ്പിക്കുന്ന തീർത്തും വ്യതിരിക്തമായ പരിഭാഷയും വ്യാഖ്യാനവുമാണ് യൂസുഫ് അലിയുടേത്. ഇംഗ്ലീഷിലെ ഏറ്റവും ചേതോഹരമായ പരിഭാഷയായി ഇന്നും അത് നിലകൊള്ളുന്നു. ഖുർആനിക സന്ദേശങ്ങൾക്ക് അനുബന്ധമായി ലോകസാഹിത്യത്തിന്റെയും ശാസ്ത്ര വിജ്ഞാനത്തിന്റെയും സംഭാവനകളെ കൂടി വായനക്കാർക്ക് മുന്നിൽ അനാവരണം ചെയ്യുന്ന ന്യൂസുഫ് അലി, ഒരേസമയം ബുദ്ധിപരമായും ആത്മീയമായും ഖുർആനിക സന്ദേശങ്ങളെ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.

ഖുർആൻ മലയാളം എന്ന പേരിലാണ് അതിന്റെ മലയാള പരിഭാഷ പത്രപ്രവർത്തകനും ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലും ആയിരുന്ന വി.വി.എ. ശുക്കൂർ തയാറാക്കിയിരിക്കുന്നത്. അഞ്ച് ഭാഗങ്ങളായി ആസൂത്രണം ചെയ്യപ്പെട്ട മലയാള പരിഭാഷയുടെ ആദ്യ ഭാഗമാണ് ജനുവരി ഒന്നിന് പ്രകാശനം ചെയ്യപ്പെടുന്നത്. ഇതിൽ അറബി മൂലവചനങ്ങൾക്ക് മലയാള ലിപ്യന്തരണം കൂടി നൽകിയിട്ടുണ്ട്. യൂസുഫ് അലിയുടെ മനോഹര ഭാഷയുടെ തനിമയും സൗന്ദര്യവും ചോർന്നുപോകാതെയും, അറബി ഭാഷയുമായും മുസ്ലിം പശ്ചാത്തലവുമായും ബന്ധമില്ലാത്തവർക്കു പോലും ശുദ്ധ മലയാളത്തിൽ അനായാസം വായിച്ചുപോകാവുന്ന വിധത്തിലും ചിട്ടപ്പെടുത്തിയ ഈ പരിഭാഷ മറ്റുപല മലയാള പരിഭാഷകളിൽ നിന്നുമുള്ള ഒരു വേറിട്ടു നടത്തമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശയം ഫൗണ്ടേഷനാണ് പ്രസാധകർ.

Tags:    
News Summary - Abdullah Yusuf Ali's Famous English Quran ​Transilation in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.