‘‘സോവിയറ്റ് യൂനിയനിൽ മസ്ജിദുകളും മദ്റസകളും തകർത്ത് സിനിമാശാലകളാക്കി...’’ -ചരിത്രം ഓർമ്മിപ്പിച്ച് ഹകീം അസ്ഹരി

കോഴിക്കോട്: റഷ്യൻ ഫെഡറേഷനിലെ റിപ്പബ്ലിക്കായ ദാഗസ്താനിൽനിന്നും മർകസ് സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ഇസ്‌ലാമിക പണ്ഡിതന്‍റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് എസ്.വൈ.എസ് ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ അബ്ദുൽ ഹകീം അസ്ഹരി.

"1991 ന് മുൻപ്, കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന സോവിയറ്റ് യൂണിയനിൽ മസ്ജിദുകളും മദ്റസകളും പലതും തകർപ്പെടുകയും സിനിമാ ശാലകളും മറ്റുമായി മാറ്റുകയും ചെയ്ത ചരിത്രം സുവിദിതമാണ്. അക്കാലത്ത് നിസ്കാരവും മറ്റ്‌ ആരാധനകളും നിരോധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. മതകീയ ചിഹ്നങ്ങൾ രഹസ്യമായി മാറി. മുസ്‌ലിം സമൂഹം അകങ്ങളിൽ മാത്രം ആരാധനാ മുറകൾ നിർവഹിച്ചു പോന്നു. നാടു കടത്തിയും അറസ്റ്റു ചെയ്തും പണ്ഡിതരെ ഒതുക്കാൻ ശ്രമം നടന്നു...." -എന്നിങ്ങനെ ദാഗസ്ഥാൻകാരനായ മിർസാ ഹാജ് അൽഇയാകി പറഞ്ഞ വാക്കുകളാണ് ഹകീം അസ്ഹരി കുറിച്ചത്.

ഇന്ത്യൻ മുസ്‌ലിം ജീവിതത്തെക്കുറിച്ച് വായിച്ചും കേട്ടും മാത്രമേ അവർക്ക് അറിവുണ്ടായിരുന്നുള്ളൂവെന്നും അത് നേരിട്ട് അനുഭവിക്കാൻ കൂടെയാണ് അവർ ഇന്ത്യയിൽ വന്നതെന്നും അദ്ദേഹം കുറിച്ചു.

ഹകീം അസ്ഹരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

"1991 ന് മുൻപ്, കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന സോവിയറ്റ് യൂണിയനിൽ മസ്ജിദുകളും മദ്റസകളും പലതും തകർപ്പെടുകയും സിനിമാ ശാലകളും മറ്റുമായി മാറ്റുകയും ചെയ്ത ചരിത്രം സുവിദിതമാണ്. അക്കാലത്ത് നിസ്കാരവും മറ്റ്‌ ആരാധനകളും നിരോധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. മതകീയ ചിഹ്നങ്ങൾ രഹസ്യമായി മാറി. മുസ്‌ലിം സമൂഹം അകങ്ങളിൽ മാത്രം ആരാധനാ മുറകൾ നിർവഹിച്ചു പോന്നു. നാടു കടത്തിയും അറസ്റ്റു ചെയ്തും പണ്ഡിതരെ ഒതുക്കാൻ ശ്രമം നടന്നു. പ്രധാനമായും ഏഴ് പണ്ഡിതർ മാത്രം പിന്നീട് ബാക്കിയായി. ഖാളി ഖിസ്‌രി, അബ്ദുസ്സമദ്, അൽആലിം ഇല്യാസ്. ആ മൂന്ന് പേരിൽ നിന്നുമാണ് ഞാൻ കാര്യമായി അറിവ് നുകർന്നത്. നഹ്‌വും സ്വർഫും ഖിസ്‌രിയിൽനിന്നും തഫ്‌സീറും ഹദീസും അബ്ദു സ്വമദിൽ നിന്നും, ഫിഖ്ഹ് ഇല്യാസിൽ നിന്നുമാണ് ഞാൻ പഠിച്ചത്. ഇല്യാസ് എന്നവരെ സൈബീരിയയിലേക്ക് നാട് കടത്തിയിരുന്നു. പിന്നീട് കിർഗിസ്ഥാനിലേക്ക് മടങ്ങി വന്നപ്പോൾ, ഞാൻ ദാഗസ്ഥാനിൽ നിന്നും കിർഗിസ്ഥാനിൽ നിന്നും മാറി മാറിയാണ് വിദ്യ അഭ്യസിച്ചിരുന്നത്. അതും പലപ്പോഴും രാത്രി കാലങ്ങളിൽ മറഞ്ഞിരുന്ന് മാത്രം."

എൺപത്തിയഞ്ച് വയസ്സ് പ്രായം കടന്ന ദാഗസ്ഥാൻകാരനായ മിർസാ ഹാജ് അൽഇയാകിയെന്ന പണ്ഡിത ശ്രേഷ്ഠന്റെ സംസാരം വിശ്വാസത്തിന്റെ ആഴവും ദൃഢതയും കാണിക്കുന്നു. പതിനഞ്ചു വർഷക്കാലത്തെ പഠനത്തിനു ശേഷം ഇന്ന് വരെയും അദ്ദേഹം മുദരിസാണ്. രണ്ട് ഖാഫിലകളായി പതിമൂന്ന് പേരാണ് ദാഗസ്ഥാനിൽ നിന്നും ഇപ്രാവശ്യം കേരളത്തിലേക്ക് മർകസ് സമ്മേളനവും ജാമിഉൽ ഫുതൂഹിലെ ബുർദ വാർഷികവും ലക്ഷ്യമാക്കി കേരളം സന്ദർശിക്കാൻ എത്തിയത്. അതിൽ പലരും വിശ്വവിഖ്യാതരും വലിയ ആത്മീയ നേതൃത്വങ്ങളുമാണ്. നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും പല ഗ്രന്ഥങ്ങളുടെയും അപൂർവ കോപ്പികൾ പലതും സൂക്ഷിക്കുകയും ചെയ്യുന്ന, തൊണ്ണൂറിലേറെ പ്രായമായ നസ്രുല്ലാഹ് ബിൻ മുഹമ്മദ് അൽ-കബ്കിയാണ് കൂട്ടത്തിലെ കാരണവർ.

Full View

ഇന്ത്യൻ മുസ്ലിം ജീവിതത്തെ കുറിച്ച് വായിച്ചും കേട്ടും മാത്രമേ അവർക്ക് അറിവുണ്ടായിരുന്നൊള്ളൂ. അതൊന്ന് നേരിട്ട് അനുഭവിക്കാൻ കൂടെയാണ് അവർ ഇന്ത്യയിൽ വന്നത്. ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പണ്ഡിതരെയും മഹാത്മാക്കളെയും സന്ദർശിക്കുകയും അവർ ഉന്നം വെച്ചു. മമ്പുറത്തും മടവൂരും സിയാറത് ചെയ്തു. ആയിരക്കണക്കിന് വിദ്യാർഥികൾ ശരീഅത് പഠിക്കുന്ന മർകസ് പോലെയുള്ള സ്ഥാപനങ്ങൾ അത്ഭുതപ്പെടുത്തിയെന്നാണ് അവർ പങ്കു വെച്ചത്. ഇന്ത്യയിൽ ഇത്രയും വിദ്യാർഥികളും സ്ഥാപനങ്ങളും ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നാണവർ അഭിപ്രായം പറഞ്ഞത്.

മലകളും ആറുകളും നിറഞ്ഞ കേരളത്തിന്റെ ഊഷ്മളമായ പ്രകൃതിയെ അനുഭവിക്കാൻ കഴിഞ്ഞതിൽ അവർക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. വീണ്ടും വരാനുള്ള അതിയായ ആഗ്രഹവും പങ്കു വെച്ചാണ് അവർ യാത്ര പറഞ്ഞത്. മലയാളികളുടെ ആദിത്യ മര്യാദയെ കുറിച്ചും അവർ വാ തോരാതെ പ്രശംസിച്ചു. മസ്‌ജിദുകളിലും മജ്ലിസുകളിലും ഒന്നാം സ്വഫ് നൽകി വിശ്വാസികൾ അവരെ ആദരിച്ചതാണ് അവർക്ക് ഏറെ ഹൃദയസ്‌പൃക്കായത്.

രണ്ടു ഖാഫിലകളിൽ ഇയാകിയടക്കമുള്ള സംഘം കേരളത്തിലെത്തിയത് മർകസ് സമ്മേളനത്തിന് ശേഷമാണ്. അവർക്ക് ശൈഖുന ഉസ്താദിനെ കാണാൻ സാധിച്ചില്ല. തിരിച്ചു പോകുന്നത് വരെയും അതിന്റെ സങ്കടം പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു അവർ. ഉരീദു വതുരീദു, വലാ യകൂനു ഇല്ലാ മാ യുരീദ് എന്ന് പറഞ്ഞ് ആശ്വസിക്കുന്നതും കേട്ടു. ഞാനും നീയും ഓരോ കാര്യങ്ങളെ ഉദ്ദേശിക്കുന്നു. സർവ ശക്തനായ അല്ലാഹു ഉദ്ദേശിക്കുന്നത് മാത്രം സംഭവിക്കുകയും ചെയ്യുന്നു എന്നാണ് ആ വാചകത്തിന്റെ വിവക്ഷ.

ദാഗസ്ഥാനിൽ 90% വും മുസ്ലിംകളാണ്. അവരിൽ ഭൂരിഭാഗവും ശാഫിഈ മദ്ഹബ് പിന്തുടരുന്ന സുന്നികളുമാണ്. വിശ്വാസപരമായി അശ്അരീ ധാരയെയും തസവ്വുഫിൽ അവർ പിന്തുടരുന്നത് നഖ്ശബന്ദി, ശാദുലി ത്വരീഖത്തുകളെയുമാണ്. സന്ദർശിച്ചതിൽ വെച്ച്, വീണ്ടും വീണ്ടും സന്ദർശിക്കണമെന്ന് ആഗ്രഹമുള്ള നാടാണ് എനിക്ക് ദാഗസ്ഥാൻ.

Tags:    
News Summary - Abdul Hakkim Azhari fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.