ഞാൻ സമസ്‌തക്കാരൻ; മാറ്റി നിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യം -അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി

മലപ്പുറം: കോഡിനേഷന്‍ ഇസ്‌ലാമിക് കോളജ് (സി.ഐ.സി) നേതൃസ്ഥാനത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമെന്ന് ജനറൽ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി. പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്‍റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ല. പറയാൻ അവസരം നൽകണമെന്ന് യാചിച്ചെങ്കിലും കിട്ടിയിട്ടില്ല. ചിലരുടെ വ്യക്തി വൈരാഗ്യവും ശാഠ്യങ്ങളുമാണ് നടപടിക്ക് പിന്നിലെന്നും ആദൃശ്ശേരി ആരോപിച്ചു.

Full View

തന്‍റെ വാദം കേട്ടാൽ നിക്ഷിപ്‌ത താൽപര്യക്കാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നത് കൊണ്ടാണ് തന്നെ കേൾക്കാതിരിക്കുന്നത്. ബന്ധപ്പെട്ടവർ തന്‍റെ ഭാഗം കേൾക്കാൻ തയാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം പരിഷ്‌കരണം തുടങ്ങി ഇക്കാലത്ത് നടക്കേണ്ട മാറ്റങ്ങൾ നടക്കണമെന്ന് സിദ്ധാന്തിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ ഈ വിവാദങ്ങളെല്ലാം ഉയരുന്നത്.

സമസ്‌തക്കെതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ സമസ്‌തക്കാരനാണ്, അതിനർഥം ഞാൻ മുസ് ലിംമാണ്. കോഡിനേഷന്‍ ഇസ്‌ലാമിക് കോളജ് നേതൃസ്ഥാനത്ത് നിന്ന് നീക്കാൻ ഔദ്യോഗിക സമിതി തീരുമാനം വന്നാൽ അംഗീകരിക്കും. തന്നെ മാറ്റി നിർത്തണമെന്ന് സമസ്‌തയുടെ മുഴുവൻ ആവശ്യമല്ല. സി.ഐ.സിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്‌തക്കാരാണെന്നും അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി വ്യക്തമാക്കി.

സമസ്തയിൽ നിന്ന് പുറത്താക്കിയ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം കോഡിനേഷന്‍ ഇസ്‌ലാമിക് കോളജസുമായി (സി.ഐ.സി) സഹകരിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാല്‍, സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

വാഫി, വഫിയ്യ സ്ഥാപനങ്ങളെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് കൊണ്ടു പോവാന്‍ വേണ്ടത് ചെയ്യാനും പ്രസിഡന്‍റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നവംബർ ഒമ്പതിന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗമാണ് തീരുമാനിച്ചത്. അഹ് ലുസ്സുത്തി വല്‍ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന്റെ തടർച്ചയായാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയായ സി.ഐ.സിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

Tags:    
News Summary - Abdul Hakeem Faizy Adrisseri react to samastha comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.