കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് രേഖകളെന്നും അത് മറിച്ചുവിൽപന നടത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റിന്റെ മൗനം സംശയാസ്പദമാണെന്നും എസ്.വൈ.എസ് സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാറാണ്. രണ്ട് മതങ്ങൾ തമ്മിലുള്ള തർക്കമല്ലാത്തതിനാൽ ക്രൈസ്തവ മേധാവികൾക്ക് ഇക്കാര്യത്തിൽ റോളില്ലെന്നും സാദിഖലി തങ്ങളുടെ സമവായശ്രമം സൂചിപ്പിച്ച് ഹക്കീം അസ്ഹരി വ്യക്തമാക്കി. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ തമ്മിലെ തർക്കം പരിഹരിക്കാനാണെങ്കിൽ ചർച്ച നല്ലതുതന്നെ. വഖഫ് ഭൂമിയിൽനിന്ന് കുടിയിറക്കുന്നവർ വഴിയാധാരമാകാതെ സംരക്ഷിക്കേണ്ടത് സർക്കാറാണ്. ഇക്കാര്യത്തിൽ എസ്.വൈ.എസും സഹായത്തിന് തയാറാണ്. വൻകിട റിസോട്ടുകാർ കൈയേറ്റം നടത്തിയിട്ടുണ്ടെങ്കിൽ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും സർക്കാറിന് ബാധ്യതയുണ്ട്. ഭൂമി വിൽപന നടത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഫാറൂഖ് കോളജ് മാനേജ്മെന്റിന്റെ പങ്ക് അന്വേഷിക്കണമെന്നും അവർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിറാജ് പത്രത്തിൽ പരസ്യം വന്നത് പത്രത്തിന്റെ മാനേജ്മെന്റ് തീരുമാനമാണ്. എല്ലാ പത്രങ്ങൾക്കും പരസ്യം കൊടുത്തിട്ടുണ്ടാകുമെന്നാണ് കരുതിയത്. പരസ്യത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യത്തിൽ അത് കൊടുത്തവരാണ് മറുപടി പറയേണ്ടത്. രാഷ്ട്രീയ പാർട്ടികളും നേതാക്കളും വിമർശനത്തിന് അതീതരല്ലെന്നും വിമർശനത്തിൽ മിതത്വം പുലർത്തണമെന്നേയുള്ളൂവെന്നും സാദിഖലി തങ്ങൾക്കെതിരായ വിമർശനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.