കൊച്ചി: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മാനേജറും ഇർഷാദുൽ മ ുസ്ലിമീൻ സഭ പ്രസിഡൻറുമായിരുന്ന അബ്ദുൽഖയ്യൂമിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രതികളുടെ പ്രവൃത്തി പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്ന നിരീക്ഷണത്തോടെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (വഖഫ് കോടതി) ജഡ്ജി എസ്. അജികുമാർ വിചാരണ നേരിട്ട മുഴുവൻ പ്രതികളെയും ശിക്ഷിച്ചത്. എടവനക്കാട് പഴങ്ങനാട്ട് ആലിയ വീട്ടിൽ അബ്ദുൽ ജലീൽ, വലിയവീട്ടിൽ മുഹമ്മദ് സബീർ, വലിയവീട്ടിൽ വി.എ. നൗഷാദ്, പുത്തൻവീട്ടിൽ പി.എസ്. നൗഷാദ്, കക്കാട് വീട്ടിൽ നാദിർഷ, മൂലേക്കാട്ട് വീട്ടിൽ എം.എം. അനൂപ്, മൂലേക്കാട്ട് വീട്ടിൽ എം.എം. മനാഫ് , കക്കാട്ട് വീട്ടിൽ കെ.കെ. തസിയദ് എന്നിവരെയാണ് ശിക്ഷിച്ചത്.
ജീവപര്യന്തം തടവിന് പുറമെ ഓരോ പ്രതിയും 25,000 രൂപ വീതം പിഴയടക്കാനും നിർദേശമുണ്ട്. പിഴത്തുകയിൽ 20,000 രൂപ വീതം കൊല്ലപ്പെട്ട അബ്ദുൽ ഖയ്യൂമിെൻറ അനന്തരാവകാശികൾക്ക് നൽകണം. വിവിധ വകുപ്പുകളിൽ രണ്ടുവർഷം തടവ് പ്രത്യേകം വിധിച്ചിട്ടുണ്ട്. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അബ്ദുൽഖയ്യൂം പ്രസിഡൻറായിരുന്ന എടവനക്കാട് ഇർഷാദുൽ മുസ്ലിമീൻ സഭയിൽ പ്രതികൾക്ക് അംഗത്വം ലഭിക്കാത്തതിെൻറ പേരിൽ പ്രസിഡൻറായിരുന്ന അബ്ദുൽഖയ്യൂമിനോട് ശത്രുതയുണ്ടായിരുന്നു.
ഇതിനിടെ, സഭയിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നത് തടഞ്ഞ് വഖഫ് ബോർഡിെൻറ ഉത്തരവിറങ്ങി. ഇതിനുപിന്നിൽ ഖയ്യൂം ആണെന്നാരോപിച്ചായിരുന്നു ആക്രമണം. 2012 മാർച്ച് മൂന്നിന് എടവനക്കാട് പഴങ്ങനാട് പാലത്തിന് സമീപം രാത്രി ഒമ്പതോടെ പ്രതികൾ ഖയ്യൂമിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഒന്നാംപ്രതി ചവിട്ടിയും മറ്റ് പ്രതികൾ മുന്നിൽനിന്നും പിന്നിൽനിന്നും ഇടിച്ചും കഴുത്തിന് കുത്തിപ്പിടിച്ചുമാണ് കൊലപ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഞാറക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.