പനമരം (വയനാട്): പ്രളയാനന്തരം കേരളത്തെ ഒന്നിപ്പിച്ചത് സമൂഹത്തിലെ ഉയർന്ന മാനവിക മൂല്യങ്ങളാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പീപ്ൾസ് ഫൗണ്ടേഷൻ പ്രളയബാധിതർക്കായി നിർമിച്ചുനൽകുന്ന 500 വീടുകളിൽ ആദ്യത്തേതിെൻറ തറക്കല്ലിടൽ പനമരം കീഞ്ഞുകടവിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പലതരം ധ്രുവീകരണങ്ങൾ ജനത്തിനിടയിൽ ശക്തമായിരിക്കുമ്പോഴാണ് പ്രളയം ഉണ്ടായത്. ഇതോടെ എല്ലാം മറന്ന് ജനം ഒന്നിച്ചു. ഒരുമയുടെ കരുത്ത് കേരളം അനുഭവിച്ചറിഞ്ഞു. സമ്പത്തിെൻറ യഥാർഥ ഉടമ ദൈവമാണ്. കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിലൂടെ ദൈവത്തിലേക്ക് അടുക്കാനാകും. യുവാക്കളുടെ കർമശേഷി ജനസേവനത്തിന് ഉപയോഗിക്കണം -അദ്ദേഹം പറഞ്ഞു. ഭൂമി സ്വന്തമായി ഇല്ലാത്തവരെ പുനരധിവസിപ്പിക്കാൻ പനമരത്ത് ടൗൺഷിപ് രൂപത്തിൽ വീട് നിർമിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പീപ്ൾസ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ അറിയിച്ചു.
സമ്പത്ത് തേടിയുള്ള മനുഷ്യെൻറ പരക്കംപാച്ചിലിനിടയിൽ പ്രളയം ഒരുപാട് അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ പറഞ്ഞു. പ്രളയത്തിൽ വീട് തകർന്ന കീഞ്ഞുകടവിലെ ജയദേവനുവേണ്ടി ജനകീയ പങ്കാളിത്തത്തോടെയാണ് പുതിയ വീടിെൻറ നിർമാണം നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മാലിക് ശഹബാസ്, ഫാ. സാജു ആനിശേരി, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി വി.കെ. ബിനു, പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനൻ, മെംബർ കമല വിജയൻ, സുലൈഖ സെയ്ത്, ജുൽന ഉസ്മാൻ, അയ്യൂബ്, നവാസ് പൈങ്ങാട്ടായി, ടി. ഖാലിദ്, സലാം പനമരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.