പ്രവാസി വ്യവസായി വി.പി മുഹമ്മദലി
കൂറ്റനാട് (പാലക്കാട്): പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനായില്ല. പ്രതികള്‍ക്ക് ഒത്താശ ചെയ്തതിന്റെ പേരില്‍ പനമണ്ണ സ്വദേശി അഭിജിത്തിനെ (26) അറസ്റ്റ് ചെയ്തിരുന്നു. അതൊഴിച്ച് സംഭവത്തിലെ ഏഴു പ്രതികളെ പിടിക്കാനായില്ല.
ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പാലക്കാട്, മലപ്പുറം ജില്ലകളിലായി വ്യാപക അന്വേഷണം തുടരുന്നുണ്ടെങ്കിലും ഒളിത്താവളങ്ങളിലെത്താന് കഴിഞ്ഞിട്ടില്ല. കേരളത്തിലും വിദേശത്തും ആശുപത്രി ശൃംഖലകളുടെ ഉടമയും ഇന്റർനാഷനൽ സ്കൂളുകളുടെ ചെയർമാനുമായ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി.പി. മുഹമ്മദലിയെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറരക്ക് ആറങ്ങോട്ടുകര കൊഴിക്കാട്ടിരി പാലത്തിനു സമീപം വാഹനം തടഞ്ഞ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.
വ്യവസായിയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തിരുന്നു. മുഹമ്മദലിയുടെ യാത്രാവിവരം അറിയുന്നവരെയും അത് ക്വട്ടേഷൻ സംഘത്തിന് നൽകിയവരെയും കുറിച്ചാണ് അന്വേഷിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികൾ ഒളിവിലാണ്. പൊലീസിനെ കുത്തിയ കേസിലെ പ്രതിയുൾപ്പെടെ ക്വട്ടേഷൻ സംഘത്തിലുണ്ടെന്നാണ് വിവരം. കുടുംബസമേതം സൗദിയിൽ സ്ഥിരതാമസക്കാരനാണ് മുഹമ്മദലി. സംഭവത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ക്വട്ടേഷൻ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നൽകണമെന്ന രീതിയിൽ മുഹമ്മദലി ശബ്ദസന്ദേശം അയച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വി.പി. മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ജിദ്ദ നാഷനൽ ആശുപത്രി, റയാൻ മെഡിക്കൽ ഗ്രൂപ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വി.പി. മുഹമ്മദലി.
നാട്ടിൽനിന്നും ജിദ്ദയിലേക്ക് പോകുന്നതിനായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവെയാണ് തട്ടികൊണ്ടുപോയത്. ശനിയാഴ്ച്ച വൈകീട്ട് ആറരയോടെ മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയായ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തു വെച്ചാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വാഹനത്തെ പിന്തുടർന്നെത്തിയ ഇന്നോവ കാറിലുണ്ടായിരുന്ന അജ്ഞാതസംഘം വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വി.പി. മുഹമ്മദലിയെ സ്വന്തം കാറിൽനിന്ന് ബലമായി ഇറക്കി അവരുടെ വാഹനത്തിൽ കയറ്റി അതിവേഗം കടന്നുകളയുകയായിരുന്നു.
പാലക്കാട് ജില്ലയിലെ കോതകുറിശ്ശിയിലുള്ള ഒരു വീട്ടിൽ കൊണ്ടുപോയി തടവിൽ പാർപ്പിക്കവെയാണ് രക്ഷപ്പെട്ടത്. സംഘം ഉറക്കത്തിലായ സമയം നോക്കി ഞായറാഴ്ച്ച പുലർച്ചെയോടെ അദ്ദേഹം ഇറങ്ങിയോടി സാഹസികമായി രക്ഷപ്പെട്ടു. സമീപത്തെ പള്ളിയിലാണ് അഭയം തേടിയത്. പള്ളിയിലുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.