കൊച്ചി: രണ്ടുവർഷത്തിനിടെ അബ്കാരി കേസുകളിൽ പിടിച്ചെടുത്തത് 25.71 കോടിയുടെ വസ്തുക്കൾ. കേസ് തീർപ്പാക്കി ലേലംചെയ്ത് ഇവയിൽനിന്ന് ഇതിനകം സർക്കാറിലേക്ക് മുതൽകൂട്ടാനായത് 1,43,96,546 രൂപ. ഇതര വകുപ്പുകളുടെ സഹകരണത്തോടെ എക്സൈസ് വകുപ്പ് നടത്തിയ റെയിഡുകളിലും മറ്റുമാണ് ഇവ പിടിച്ചെടുത്തത്. കഞ്ചാവ്, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന്, അനധികൃത വിദേശമദ്യം, സ്വർണം, വെള്ളി, വാഹനങ്ങൾ, കുഴൽപ്പണം എന്നിവയിലായി 25,7131,477 കോടിയുടെ വസ്തുക്കളാണ് 2016 മുതൽ പിടിച്ചെടുത്തത്. കേസ് തീർപ്പാകുന്നതിനനുസരിച്ച് ബാക്കി തൊണ്ടി മുതലുകളുടെ മൂല്യവും സർക്കാറിലേക്ക് മുതൽകൂട്ടും. കേസ് തീർപ്പാകുന്നതിലെ താമസമാണ് നടപടി വൈകിക്കുന്നത്.
എൻ.ഡി.പി.എസ് കേസ് വേഗം തീർപ്പാക്കുന്നതിന് നിലവിലെ നിയമ വ്യവസ്ഥയിൽ ഭേദഗതി വേണമെന്ന ആവശ്യം സംസ്ഥാന സർക്കാറിൽനിന്ന് ഉയരുന്നുണ്ട്. കേന്ദ്ര നിയമമായതിനാൽ തിരുത്തൽ വരുത്തേണ്ടത് കേന്ദ്രസർക്കാറാണ്. അബ്കാരി കേസിൽ കണ്ടെടുക്കുന്ന വസ്തുക്കൾ അധികാരപ്പെട്ട ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി എക്സൈസ് കമീഷണർ മുമ്പാകെ ഹാജരാക്കി റേഞ്ച് ഇൻസ്പെക്ടർമാരെ സൂക്ഷിക്കാൻ ചുമതലപ്പെടുത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. എൻ.ഡി.പി.എസ് കേസുകളിൽ കണ്ടെടുക്കുന്ന ലഹരിവസ്തുക്കൾ കോടതി നിർദേശാനുസരണം എ.ആർ ക്യാമ്പുകളിൽ സൂക്ഷിക്കുകയും വാഹനങ്ങൾ ഹാജരാക്കുകയും ചെയ്യും.
അബ്കാരി നിയമം, എൻ.ഡി.പി.എസ് നിയമം എന്നിവയിലൂടെ ലേലം ചെയ്താണ് സർക്കാറിൽ മുതൽകൂട്ടുന്നത്. പിടിച്ചെടുത്ത സ്പിരിറ്റ് കണ്ടുകെട്ടി കേരള അബ്കാരി ഡിസ്പോസൽ ഓഫ് കോൺഫിസ്കേറ്റഡ് ആർട്ടിക്കിൾ റൂൾ പ്രകാരം കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന വിലക്ക് പൊതുമേഖല ഡിസ്റ്റിലറികൾ, മറ്റു ഡിസ്റ്റിലറികൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവക്ക് വിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.