ആളിയാര്‍: 1020 ദശലക്ഷം ഘനയടി വെള്ളം നല്‍കും

പാലക്കാട്: ഡിസംബര്‍ 15 വരെയുള്ള കാലയളവിലേക്ക് ആളിയാര്‍ അണക്കെട്ടില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് 1020 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിടാന്‍ പറമ്പിക്കുളം-ആളിയാര്‍ ജലസംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ ധാരണ. തുടര്‍ന്നുള്ള കാലയളവിലേക്ക് വെള്ളത്തിന്‍െറ അളവ് തീരുമാനിക്കാന്‍ ഡിസംബര്‍ ആദ്യപാദം വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.
അപ്പര്‍ ഷോളയാര്‍ അണക്കെട്ടില്‍ ആകെയുള്ള 700 ദശലക്ഷം ഘനയടി വെള്ളം വൈദ്യുതി ഉല്‍പാദനത്തിനുശേഷം കേരള ഷോളയാറിലേക്ക് തുറന്നുവിടാന്‍ തമിഴ്നാട് സമ്മതിച്ചു.
കുടിശ്ശികയടക്കം കരാര്‍ പ്രകാരമുള്ള മുഴുവന്‍ വെള്ളവും നല്‍കണമെന്നും ചിറ്റൂര്‍ പദ്ധതി പ്രദേശത്ത് കൃഷി അവതാളത്തിലാണെന്നും കേരളം വാദിച്ചു. മഴയുടെ അനുപാതത്തില്‍ 50 ശതമാനത്തിന്‍െറ കുറവുണ്ടെന്നും അണക്കെട്ടുകളില്‍ വെള്ളമില്ളെന്നും തമിഴ്നാട് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള വെള്ളം പങ്കുവെച്ചു മുന്നോട്ടു പോകണമെന്നായിരുന്നു തമിഴ്നാട് നിലപാട്. കീഴ് നദീതടം എന്ന നിലക്ക് കരാര്‍ പ്രകാരം നല്‍കാമെന്നേറ്റ വെള്ളം നിഷേധിക്കുന്നത് കരാര്‍ ലംഘനമാണെന്നും ഉള്ള വെള്ളം പങ്കിടുകയെന്ന നിലപാടിനോട് യോജിപ്പില്ളെന്നും കേരള പ്രതിനിധികള്‍ പറഞ്ഞു.
നടപ്പു ജലവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ പ്രകാരം 2.99 ടി.എം.സി വെള്ളമാണ് കേരളത്തിന് നല്‍കേണ്ടത്. ഇതില്‍ 1.53 ടി.എം.സി ലഭിച്ചു. ബാക്കി 1.4 ടി.എം.സി കുടിശ്ശികയാണ്. ഇതും നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലേക്ക് 1100 ദശലക്ഷം ഘനയടി വെള്ളവും നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. നവംബര്‍ ആദ്യപാദം 210ഉം രണ്ടാംപാദം 310ഉം ഡിസംബര്‍ ആദ്യപാദം 500ഉം ഉള്‍പ്പെടെ ആകെ 1020  ദശലക്ഷം ഘനയടി വെള്ളം നല്‍കാമെന്ന് തമിഴ്നാട് സമ്മതിച്ചു.
പറമ്പിക്കുളം അണക്കെട്ടിലെ വെള്ളം കോണ്ടൂര്‍ കനാല്‍ വഴി തിരിച്ചുവിടുന്നത് കരാര്‍ ലംഘനമാണെന്നും ഇതവസാനിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഡിസംബര്‍ 15നുശേഷം എല്ലാ ദൈ്വവാരവും വെള്ളത്തിന്‍െറ അളവ് ഫീല്‍ഡ് എന്‍ജിനീയര്‍മാര്‍ ഒത്തുചേര്‍ന്ന് വിലയിരുത്താനും തുടര്‍ തീരുമാനമെടുക്കാനും ധാരണയായി.
കേരള ഷോളയാര്‍ അണക്കെട്ട് വര്‍ഷത്തില്‍ രണ്ടുതവണ നിറച്ചുനല്‍കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതായും കേരള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അപ്പര്‍ ഷോളയാറില്‍നിന്ന് കേരള ഷോളയാറിലേക്ക് ലഭിക്കേണ്ട 12.3 ടി.എം.സി വെള്ളം നല്‍കുന്നതില്‍ തമിഴ്നാട് അലംഭാവം കാണിച്ചതായി ഇവര്‍ ആരോപിച്ചു.
കരാര്‍ ലംഘനമുണ്ടായതായും മഴയുടെ കുറവുകാരണമാണ് വെള്ളം നല്‍കാന്‍ കഴിയാത്തതെന്നും തമിഴ്നാട് പ്രതിനിധികള്‍ പറഞ്ഞു. കേരള ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ വി.കെ. മഹാനുദേവന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ വര്‍ഗീസ് സാമുവേല്‍, സംയുക്ത ജലക്രമീകരണ ബോര്‍ഡ് ജോയന്‍റ് ഡയറക്ടര്‍ സുധീര്‍ പടിക്കല്‍, തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് രഘൂത്തമന്‍, തമിഴ്നാട് വാട്ടര്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനീയര്‍ വെങ്കടാചലം, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇളങ്കോവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Tags:    
News Summary - aaliyar: kerala will release 1020 million cubicfeet water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.