എന്തുകൊണ്ട് ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരുന്നു? മറ്റെല്ലാ പാർട്ടികളെയും പോലെയാണോ ഇതും? -എ.എ. റഹീം

തിരുവനന്തപുരം: ‘ഇടത്പക്ഷം’ എന്നത് വെറുമൊരു വാക്കല്ലെന്നും ഉയർന്ന ശാസ്ത്രാവബോധവും മാനവികതയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയും കമ്യൂണിസ്റ്റ്കാരെയും ഈ പാർട്ടിയെയും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ. റഹീം. അടുത്തിടെ അന്തരിച്ച സി.പി.എം നേതാക്കളായ എം.എം. ലോറൻസിന്റെയും സീതാറാം യെച്ചൂരിയുടെയും ജീവിതത്തെ മുൻ നിർത്തി ‘എന്തുകൊണ്ട് ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരുന്നു?’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

‘‘മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സൂര്യനെപ്പോലെ സീതാറാമും ലോറൻസുമെല്ലാം മറ്റുള്ളവർക്കായി ജീവിച്ചു, മരണാനന്തരവും മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ സ്വന്തം ശരീരം അവർ വിട്ടുനൽകി, മെഡിക്കൽ സയൻസിന്റെ വളർച്ചയ്ക്കും പഠനങ്ങൾക്കും ഈ കമ്മ്യൂണിസ്റ്റുകരുടെ ശരീരം ഇനി ഉപകാരപ്പെടും. കമ്യൂണിസ്റ്റുകാരന്റെ നിസ്വാർഥമായ ജീവിത യാത്രയുടെ സ്വഭാവികമായ തുടർച്ച... ഇനി വരും തലമുറയ്ക്ക് സീതാറാമിന്റെയും ലോറൻസിന്റെയും വാക്കുകളും നടന്ന വഴികളും അവർ വരച്ചുവച്ച ചരിത്രവും ആവേശത്തോടെ ഈ പാർട്ടിയിൽ വരാൻ, തുടരാൻ ഊർജ്ജമാകും. പരമാവധി മികച്ച കമ്മ്യൂണിസ്റ്റ് ആകാൻ, നല്ല മനുഷ്യനാകാൻ മുൻപ് നടന്നവർ നമുക്ക് കാട്ടിത്തരുന്ന മാതൃകകൾ ഈ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും’ -റഹീം പറഞ്ഞു.

ഇതേ വഴികളിലൂടെ ചുവന്ന കൊടികൾ പിടിച്ചു ഇനിയും തലമുറകൾ കടന്നു വരും. പുരോഗമനകാരിയായ മനുഷ്യരായി,

നല്ല കമ്യൂണിസ്റ്റായി ജീവിക്കാൻ ഒരുപാട് പേർക്ക് മാതൃകയായ ഞങ്ങളുടെ രണ്ട് സഖാക്കളുടെയും ശരീരങ്ങൾ ഇനി മെഡിക്കൽ വിദ്യാർഥികളുടെ ലാബിലെ പഠന വസ്തു -അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണരൂപം:

എന്തുകൊണ്ട് ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരുന്നു? മറ്റെല്ലാ പാർട്ടികളെയും പോലെ ഒരു പാർട്ടിയാണോ ഈ പാർട്ടിയും? ഇല്ല എന്ന് അഭിമാനത്തോടെ ഉറപ്പിച്ചു പറയാൻ ഒട്ടനവധി കാരണങ്ങളുണ്ട്.അടുത്ത ദിവസങ്ങളിൽ സംഭവിച്ച

രണ്ട് അന്ത്യയാത്രകൾ കണ്ടോ?

സഖാവ് സീതയും ലോറൻസും

സഖാവ് സീതാറാം ജീവിതത്തിലുടനീളം ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു.സമ്പന്നമായ കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു,രാജ്യത്തു തന്നെ

സി ബി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി,

സെന്റ് സ്റ്റീഫൻസിലും,ജെ എൻ യു വിലും പഠിക്കുകയും ഉയർന്ന അക്കാദമിക് നേട്ടങ്ങൾ കരസ്തമാക്കുകയും ചെയ്ത സീതാറാമിനു മറ്റു വഴികൾ തേടാമായിരുന്നു.

പക്ഷേ അദ്ദേഹം തിരഞ്ഞെടുത്തത്,ചെങ്കൊടിയായിരുന്നു. നാടിനു വേണ്ടി സീതാറാം ജീവിച്ചു. മരണാനന്തരമോ?

അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകി.

ജീവിതത്തിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച പുരോഗമനവും ശാസ്ത്രീയവുമായ നിലപാടുകൾ മരണാനന്തരവും ഉയർത്തിപ്പിടിച്ചു അദ്ദേഹം മാതൃകയായി.

ഇന്നിതാ ലോറൻസും...

ഇന്ന് സഖാവ് എം എം ലോറൻസിനെ അദ്ദേഹത്തിന്റെ സഖാക്കൾ യാത്രയാക്കും,കളമശ്ശേരി മെഡിക്കൽ കോളേജിലെ വിദ്യർത്ഥികളുടെ പഠന മുറിയിൽ സഖാവ് ലോറൻസിന്റെ ശരീരം ഇനിയും ഏറെ നാൾ ഉണ്ടാകും.

പുരോഗമനപരമായ ഒരു സാമൂഹ്യ സൃഷ്ടിക്കായി ഇവർ നടത്തിയ പോരാട്ടങ്ങളുടെ തുടർച്ച....

കമ്മ്യൂണിസ്റ്റുകാർക്കല്ലാതെ മാറ്റാർക്ക് ഇത് സാധിക്കും?സീതാറാം ഇത്തരം തീരുമാനം എടുക്കുന്ന ആദ്യത്തെ ആളല്ല.മുൻപേ നടന്ന എത്രയോ സഖാക്കൾ ഇപ്രകാരം മാതൃക തീർത്തിട്ടുണ്ട്. സീതാറാമിന്റെ അമ്മയുടെ മൃത ശരീരവും എയിംസിന് വിട്ടുനൽകി.സഖാവ് ലോറൻസിന്റെ ശരീരം വിട്ടുനൽകുന്ന എറണാകുളത്തെ മെഡിക്കൽ കോളേജിൽ തന്നെ സഖാവ് സൈമൺ ബ്രിട്ടോയുടെ ശരീരം നൽകിയതാണ്. എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് കാർക്ക് മാത്രം ഇത് സാധിക്കുന്നത്??

‘ഇടത്പക്ഷം’ എന്നത് വെറുമൊരു വാക്കല്ലാതെയായി മാറുന്നു.

ഉയർന്ന ശാസ്ത്രാവബോധവും, മാനവികതയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയും കമ്യൂണിസ്റ്റ്കാരെയും ഈ പാർട്ടിയെയും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാക്കുന്നു.

‘മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സൂര്യനെപ്പോലെ’...സീതാറാമും ലോറൻസുമെല്ലാം,മറ്റുള്ളവർക്കായി ജീവിച്ചു,മരണാനന്തരവും മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സ്വന്തം ശരീരം അവർ വിട്ടുനൽകി,മെഡിക്കൽ സയൻസിന്റെ വളർച്ചയ്ക്കും പഠനങ്ങൾക്കും ഈ കമ്മ്യൂണിസ്റ്റുകരുടെ ശരീരം ഇനി ഉപകാരപ്പെടും.

കമ്യൂണിസ്റ്റുകാരന്റെ നിസ്വാർഥമായ ജീവിത യാത്രയുടെ സ്വഭാവികമായ തുടർച്ച...

ഇനി വരും തലമുറയ്ക്ക് സീതാറാമിന്റെയും ലോറൻസിന്റെയും വാക്കുകളും,നടന്ന വഴികളും,അവർ വരച്ചുവച്ച ചരിത്രവും ആവേശത്തോടെ ഈ പാർട്ടിയിൽ വരാൻ,തുടരാൻ ഊർജ്ജമാകും.പരമാവധി മികച്ച കമ്മ്യൂണിസ്റ്റ് ആകാൻ,നല്ല മനുഷ്യനാകാൻ മുൻപ് നടന്നവർ നമുക്ക് കാട്ടിത്തരുന്ന മാതൃകകൾ ഈ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും. സീതാറാം മരിക്കുന്നില്ലെന്നു രാജ്യത്തെങ്ങും ഹൃദയം പൊട്ടി ആയിരങ്ങൾ വിളിച്ചതൊന്നും വെറുതെയല്ലെന്ന് കാലം തെളിയിക്കും. എറണാകുളത്തു ഇപ്പോഴും മുഴങ്ങുന്ന ലോറൻസിനായുള്ള മുദ്രാവാക്യങ്ങളും ഇനിവരും തലമുറ ഏറ്റുവിളിക്കും.

ഇതേ വഴികളിലൂടെ ചുവന്ന കൊടികൾ പിടിച്ചു ഇനിയും തലമുറകൾ കടന്നു വരും.പുരോഗമനകാരിയായ മനുഷ്യരായി,

നല്ല കമ്യൂണിസ്റ്റായി ജീവിക്കാൻ ഒരുപാട് പേർക്ക് മാതൃകയായി ഞങ്ങളുടെ രണ്ട് സഖാക്കളുടെയും ശരീരങ്ങൾ ഇനി മെഡിക്കൽ വിദ്യാർഥികളുടെ ലാബിലെ പഠന വസ്തു.

ലാൽസലാം സഖാവ് ലോറൻസ് 🔥

Tags:    
News Summary - aa rahim cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.