വടകരയിൽ ഷാഫി പറമ്പിൽ ചീറ്റിയത് ഏറ്റവും വലിയ വർഗീയ വിഷം -എ.എ. റഹീം

വടകര: കേരളം കണ്ട ഏറ്റവും വലിയ വർഗീയ, രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ വടകരയിൽ ചീറ്റിയതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പി. ‘വടകര വർഗീയതയെ അതിജീവിക്കും’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് അലർട്ട്’ വടകര പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

‘കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ. ആ രാഷ്ട്രീയ വിഷം വടകരയിൽ ചീറ്റിയത് വർഗീയ വിഷമാണ്. പാലക്കാട് മൃദു ഹിന്ദുത്വവും വടകരയിൽ മത ന്യൂനപക്ഷ വർഗീയതയുമുള്ള രാഷ്ട്രീയ കുമ്പിടിയായി ഷാഫി മാറി. സജീവമായ രാഷ്ട്രീയ പരിഗണനകൾക്കപ്പുറം വ്യക്തി താൽപര്യം മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് വടകരയിൽ ഷാഫി നടത്തിയത്. വടകരയിൽ തെരഞ്ഞെടുപ്പ് മുമ്പും നടന്നിട്ടുണ്ട്. അക്കാലത്തൊന്നും ഇത്തരത്തിലൊന്ന് ഉണ്ടായില്ല. കോലീബി സഖ്യത്തെ അതിജീവിച്ച മണ്ണിന്റെ പേരാണ് വടകര. ഈ രാഷ്ട്രീയ വിഷയത്തെയും വടകര അതിജീവിക്കും. നാട് വിഭജിക്കാതിരിക്കാനുള്ള പോരാട്ടത്തിന്‌ മുന്നിൽനിന്ന്‌ നേതൃത്വം നൽകുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. ഇവിടെയും കാവൽ തുടരും’-എ.എ. റഹീം പറഞ്ഞു.

പ്രസംഗങ്ങളിൽനിന്നും മറ്റും വാക്കുകളും മുദ്രാവാക്യങ്ങളും അടർത്തിയെടുത്ത്‌ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണരീതിയാണ്‌ വടകരയിൽ ആദ്യംമുതൽ അവസാനംവരെ കോൺഗ്രസ്‌ അവലംബിച്ചത്. രാഷ്ട്രീയമായ തെരഞ്ഞെടുപ്പിനപ്പുറം വ്യാജ നിർമിതികളുടെ ഒരു യുദ്ധമുനമ്പ് സൃഷ്ടിക്കാനാണ്‌ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പ്രകടനം വടകര കോട്ടപ്പറമ്പിൽ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

പരിപാടിയിൽ നൂറുകണക്കിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അണിനിരന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, സച്ചിൻ ദേവ് എം.എൽ.എ, എം. ഷാജർ, അഫ്സൽ, കെ.എം. നീനു തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.സി. ഷൈജു സ്വാഗതവു സുമേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - AA rahim against shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.