അങ്കമാലിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പം സഞ്ചരിച്ച മാതൃസഹോദരൻ പരുക്കുകളോടെ രക്ഷപ്പെട്ടു.

അങ്കമാലി: ദേശീയ പാത അങ്കമാലി കരയാം പറമ്പ് സിഗ്നലിനും, എളവൂർ കവലക്കും സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പിറകിൽ സഞ്ചരിച്ചയാൾ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട് ചിറ്റൂർ ദേവാങ്കപുരം സൂര്യഗായത്രിയിൽ പരേതനായ ജയശേഖറിന്റെ മകൻ ജ്യോതി രാജാദിത്യനാണ് (19) മരിച്ചത്. ഒപ്പം സഞ്ചരിച്ച മാതൃസഹോദരൻ സജിൻ ശശിധരനെയാണ് (44) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. മഴയെത്തുടർന്ന് ദേശീയപാതയിൽ വ്യാപകമായി രൂപം കൊണ്ട കുഴികൾ മൂടുന്നതിന് ഉപയോഗിച്ച ഉരുകിയ ടാർ തടമുഴയായി കിടപ്പുണ്ടായിരുന്നു. അതിൽ കയറിയതോടെയാണ് ബൈക്കിന്റെ നിയന്ത്രണം വിടുകയും, അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പ്രധാന റോഡിൻ്റെയും, സർവീസ് റോഡിൻ്റെയും ഇടയിലെ മീഡിയനിൽ കയറിയിറങ്ങി ബൈക്ക് തെറിച്ച് വീഴുകയായിരുന്നു.

അപകടത്തിൻ്റെ ആഘാതത്തിൽ ബൈക്കിടിച്ച് വൈദ്യുതി വിളക്കുകാലും തകർന്നു. തലക്ക് സാരമായി പരുക്കേറ്റ് അവശനിലയിലായ ജ്യോതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിത്യേനെയെന്നോണം അപകടം അരങ്ങേറുന്ന എളവൂർകവലയിൽ അടുത്ത കാലത്തായി നിരവധി പേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. അങ്കമാലി പൊലീസെത്തിയാണ് നിയന്ത്രിച്ചത്. അങ്കമാലി  താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അടുത്തിടെയാണ് ജ്യോതിയുടെ പിതാവ് മരിച്ചത്. അമ്മ: സന്ധ്യ. സഹോദരി: സൂര്യ നയന. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചിറ്റൂർ പുഴപ്പാലം വാതക ശ്മശാനത്തിൽ.

Tags:    
News Summary - A young man died after his bike overturned in Angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.