തേഞ്ഞിപ്പലം: 16കാരിയായ ദലിത് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്തഭടനും വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയുമായ പതിനെട്ടാം വീട്ടിൽ മണികണ്ഠനെയാണ് (38) തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂൺ 29ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
കാലിക്കറ്റ് സർവകലാശാലക്ക് സമീപത്തെ കാടുമൂടി കിടക്കുന്ന വവ്വാൽ കോട്ട കാണാൻ എത്തിയതായിരുന്നു ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും. ഇവിടെ ഇരിക്കുകയായിരുന്ന ഇവരുടെ വിഡിയോ സ്ഥലത്തെത്തിയ മണികണ്ഠൻ പകർത്തി. ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്നത് വീട്ടുകാരോടും സ്കൂൾ അധികൃതരോടും പറയുമെന്ന് ഭീഷണിപ്പെടുത്തി. മൊബൈൽ ഫോൺ കൈവശമുണ്ടായിരുന്ന പെൺകുട്ടിയുടെ നമ്പർ വാങ്ങി. കുട്ടികൾ തിരിച്ചുപോയി അൽപം കഴിഞ്ഞ് ഇയാൾ കുട്ടിയെ ഫോണിൽ വിളിച്ചു. വിഡിയോ ഡിലീറ്റ് ചെയ്യാൻ കുട്ടി ആവശ്യപ്പെട്ടപ്പോൾ ഇയാൾ നിൽക്കുന്ന സ്ഥലത്തേക്ക് വരാൻ നിർദേശിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വിദ്യാർഥിനിയെ കാടിനുള്ളിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തി അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനി പീഡന വിവരം ബന്ധുവിനെ അറിയിച്ചു. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.