കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലുകളിൽ ചിലത്
ഫോട്ടോ- ഇ.പി. ഷെഫീഖ്
*ആപകട സാധ്യത കൂടിയ പ്രദേശങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി മള്‍ട്ടിപര്‍പ്പസ് ഷെല്‍ട്ടറുകൾ നിര്‍മ്മിക്കണം
*ദുരിതാശ്വാസ പ്രവർത്തനം നടത്താൻ വാര്‍ഡുതലത്തില്‍ സന്നദ്ധപ്രവർത്തകരുടെ സ്ഥിരം ടീമുകളെ തയ്യാറാക്കണം
*വെമ്പാല, പൂവഞ്ചി, പ്ലാപ്പള്ളി എന്നിങ്ങനെ പല മേഖലകളിലും ഉരുൾ പൊട്ടിയ പ്രദേശത്തിന്റെ മുകള്‍ഭാഗത്തുനിന്ന് ഇനിയും മലയും പാറകളും ഇടിഞ്ഞുവീഴാന്‍ സാധ്യത
*പുഴകളില്‍ വന്നടിഞ്ഞിട്ടുള്ള മണലും പാറകളും പരിസ്ഥിതി ഓഡിറ്റിനു വിധേയമായി മാറ്റി പുഴയുടെ ആഴം എത്രയും പെട്ടെന്നു തന്നെ പുനഃസ്ഥാപിക്കണം
*അടിയന്തിര ദുരിതാശ്വാസം, പുനരധിവാസം, അടിസ്ഥാനസൗകര്യ പുനഃസ്ഥാപനം, തുടര്‍ അപകടങ്ങള്‍ ഒഴിവാക്കല്‍ എന്നിവ നടത്തുന്നതിന് ആവശ്യമായ ഫണ്ട് അപര്യാപ്തം
കോട്ടയം: ഉരുൾപൊട്ടൽ ദുരിതം വിതച്ച കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ അപകട മേഖലയായ ഹൈ ഹസാര്‍ഡ് സോണിലും മോഡറേറ്റ് ഹസാര്‍ഡ് സോണിലും അവയുടെ തൊട്ടടുത്തും ഇനി മുതല്‍ പാറമടകള്‍ അനുവദിക്കരുതെന്ന് പഠന റിപ്പോർട്ട് നിർദേശം. കഴിയുന്നതും ഭൂമിയുടെ ഉപരിതലത്തിന് യോജിച്ച രീതിയില്‍ പ്രത്യേകമായി രൂപകല്പന ചെയ്ത കെട്ടിടങ്ങളാവണം ഇനി പണിയേണ്ടതെന്നും നിർദേശമുണ്ട്. ഇക്കാര്യത്തില്‍ മാര്‍ഗനിർദേശം നല്‍കാനായി ഒരു ജിയോളജിസ്റ്റും ജിയോടെക്‌നിക്കല്‍ എൻജിനീയറും അടങ്ങുന്ന ടീമിനെ ജില്ലാതലത്തില്‍ സ്ഥിരമായി നിലനിര്‍ത്തണം.
ഇത്തരം പ്രദേശങ്ങളിലെ പുനര്‍നിര്‍മ്മാണ-വികസനനയങ്ങള്‍ തീരുമാനിക്കുന്നത് നീര്‍ത്തടാടിസ്ഥാനത്തിലാവണം. നിലവിലെ പഞ്ചായത്ത്, ജില്ലാ വേര്‍തിരിവുകള്‍ ഇല്ലാതെ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അധികാരമുള്ള സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കണം. ആപകട സാധ്യതകൂടിയ പ്രദേശങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി മള്‍ട്ടിപര്‍പ്പസ് ഷെല്‍ട്ടറുകൾ നിര്‍മ്മിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നൽകിയ ടീമിന്റെ പഠനറിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നു.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ (NCESS) മുന്‍കാല പഠനങ്ങളില്‍ ദുരന്തസാധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുള്ള സ്ഥലങ്ങളില്‍ തന്നെയാണ് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ കൂട്ടിക്കല്‍ - കൊക്കയാര്‍ മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടലുകളുണ്ടായതെന്ന് പഠനത്തിൽ കണ്ടെത്തി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉണ്ടായാല്‍ തന്നെ ജീവഹാനിയും നാശനഷ്ടങ്ങളും ഏറ്റവും കുറക്കാനും ആവശ്യമായ നയങ്ങളും ഹ്രസ്വകാല-ദീര്‍ഘകാല നടപടികളും നിർദേശിക്കുന്ന വിശദ പഠനറിപ്പോര്‍ട്ട് ആണ് തയാറാക്കിയിരിക്കുന്നത്.
നടന്ന ദുരന്തങ്ങളില്‍ എല്ലാംതന്നെ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ഹസാര്‍ഡ് സോണേഷന്‍ മാപ്പില്‍ മോഡറേറ്റ് ഹസാര്‍ഡ് അല്ലെങ്കില്‍ ഹൈ ഹസാര്‍ഡ് എന്ന് തിട്ടപ്പെടുത്തിയിരുന്ന മേഖലകളില്‍ തന്നെയാണ്. തീവ്രമഴ എന്ന പ്രതിഭാസം ആവര്‍ത്തിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, നിലവിലെ സോണേഷന്‍ മാപ്പുകള്‍ കാലാനുസൃതമായി പുതുക്കി ഉചിതമായ സ്‌കെയിലില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ തന്നെ തയ്യാറാക്കണം. ദുരന്തം ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും ദുരിതാശ്വാസ പ്രവർത്തനം നടത്താനും വാര്‍ഡുതലത്തില്‍ സന്നദ്ധപ്രവർത്തകരുടെ സ്ഥിരം ടീമുകളെ തയ്യാറാക്കി നിര്‍ത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിരനടപടി സ്വീകരിക്കണം.
മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന നീര്‍ച്ചാലുകളുമായി ബന്ധപ്പെട്ടാണ് എല്ലാ ഉരുള്‍പൊട്ടലുകളും ഉണ്ടായിട്ടുള്ളത്. രണ്ടു പഞ്ചായത്തുകളിലുമായി 800 വീടുകള്‍ വാസയോഗ്യമല്ലാത്ത വിധം തകർന്നിട്ടുണ്ട്. ഇതില്‍ 270 എണ്ണം പൂര്‍ണ്ണമായും ബാക്കിയുള്ളവ ഭാഗികമായും തകർന്നു. ഒക്ടോബര്‍ 16 രാവിലെ 8.30 മുതല്‍ 17 രാവിലെ 8.30 വരെ രേഖപ്പെടുത്തിയ മഴയുടെ അളവ് 240 മി.മീറ്ററില്‍ അധികമാണ് എന്നും ഈ ഉപനീര്‍ത്തടം കേന്ദ്രീകരിച്ച് അതിതീവ്രമഴ പെയ്തതാണ് ദുരന്തത്തിന് പ്രേരകഘടകമായത് എന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി വകുപ്പ് 2010ൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം കൊക്കയാര്‍ പഞ്ചായത്തില്‍ 25.09 ച.കി.മീ. ഉരുള്‍പൊട്ടല്‍ ഭീഷണി ഏറ്റവും കൂടുതലുള്ള പ്രദേശമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠനപ്രകാരം കോട്ടയം ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ വില്ലേജുകള്‍ കൊണ്ടൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ വടക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം, തീക്കോയി, മൂന്നിലവ്, മേലുകാവ്, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് എന്നിവയാണ്. വെമ്പാല, പൂവഞ്ചി, പ്ലാപ്പള്ളി എന്നിങ്ങനെ പല മേഖലകളിലും ഉരുൾ പൊട്ടിയ പ്രദേശത്തിന്റെ മുകള്‍ഭാഗത്തുനിന്ന് ഇനിയും മലയും പാറകളും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാറകള്‍ സ്‌ഫോടനം കൂടാതെ ജാഗ്രതയോടെ പൊട്ടിച്ചുമാറ്റണം എന്ന് റിപ്പോര്‍ട്ട് മുറിയിപ്പ് നല്‍കുന്നു. നിലവില്‍ പുഴകളില്‍ വന്നടിഞ്ഞിട്ടുള്ള മണലും പാറകളും പരിസ്ഥിതി ഓഡിറ്റിനു വിധേയമായി മാറ്റി പുനരുപയോഗയോഗ്യമാക്കുകയും പുഴയുടെ ആഴം എത്രയും പെട്ടെന്നു തന്നെ പുനഃസ്ഥാപിക്കുകയും വേണം.
വിവിധ സൈറ്റുകളില്‍ മണ്ണടിഞ്ഞ് ജലസ്രോതസ്സുകളും കിണറുകളും മൂടപ്പെട്ടിട്ടുള്ളത് കുടിവെള്ളക്ഷാമം വർധിപ്പിച്ചിരിക്കുന്നു. വേനല്‍ക്കാലത്തു ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി വലിയ യത്‌നം വേണ്ടിവരും എന്നു പഠനസംഘം വിലയിരുത്തി. ഉരുള്‍പൊട്ടല്‍ നേരിട്ടു കാണാനിടയായിട്ടുള്ളവരിലും മറ്റു താമസക്കാരിലും കടുത്ത ഉള്‍പ്പേടി ഇപ്പോഴും നിലനിൽക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഫലപ്രദമായ കൗൺസലിങ്ങും മറ്റു തുടര്‍പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട് എന്നും പഠനം ശിപാര്‍ശ ചെയ്യുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ ജനവാസ പ്രദേശങ്ങള്‍ കണ്ടെത്തി റെയിന്‍ ഗേജ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് ആരംഭിക്കണം. തുടര്‍ച്ചയായും ശക്തമായും മഴ പെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കേണ്ടതും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുമാണ്. ദുരന്ത സാഹചര്യങ്ങളില്‍ അടിയന്തിര ദുരിതാശ്വാസം, പുനരധിവാസം, അടിസ്ഥാനസൗകര്യ പുനഃസ്ഥാപനം, തുടര്‍ അപകടങ്ങള്‍ ഒഴിവാക്കല്‍ എന്നിവ നടത്തുന്നതിന് ആവശ്യമായ ഫണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കണം. ഇക്കാര്യത്തില്‍ ഇന്നു നിലവിലുള്ള ഏര്‍പ്പാടുകള്‍ അപര്യാപ്തവും കാലവിളംബം ഉണ്ടാക്കുന്നതുമാണെന്ന് പഠനം പറയുന്നു.
ചെരിവ് കൂടിയ പ്രദേശങ്ങളില്‍ പ്രാഥമിക, ദ്വിതീയ നീര്‍ച്ചാലുകളുടെ ഓരത്ത് പുതിയ നിര്‍മ്മിതികള്‍ അനുവദിക്കാന്‍ പാടില്ല. അത്തരം പ്രദേശങ്ങളില്‍ മഴക്കുഴികളോ വിപുലമായ ജലസംഭരണസംവിധാനങ്ങളോ ആശാസ്യമല്ല. അശാസ്ത്രീയമായ മറ്റു ഭൂവിനിയോഗ രീതികളും തീര്‍ത്തും ഒഴിവാക്കണം. ഉപരിതല ഭൂഗര്‍ഭ ജലനിര്‍ഗമന സംവിധാനങ്ങൾ മതിയായ രീതിയില്‍ ഉണ്ടോ എന്ന് മലഞ്ചെരുവില്‍ താമസിക്കുന്നവര്‍ കാലവര്‍ഷത്തിനു മുമ്പായി പരിശോധിക്കേണ്ടതാണ്. വീട് നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം ലഭിച്ചവര്‍ അതേ സ്ഥലത്തുതന്നെ വീണ്ടും വീട് പണിയുന്നത് നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (IRTC), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്സ് മാനേജ്‌മെന്റ്, ശാസ്ത്ര സാഹിത്യപരിഷത്ത് കോട്ടയം ജില്ലാക്കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പഠനം നടന്നത്. റിപ്പോർട്ട് പരിഷത്ത് പ്രസിഡന്റ് ഒ.എം. ശങ്കരൻ ഓൺലൈനിൽ പ്രകാശനം ചെയ്തു. പഠനത്തിന് നേതൃത്വം നല്‍കിയ ഐ.ആര്‍.ടി.സി മുന്‍ ഡയറക്ടറും കേരള സര്‍വ്വകലാശാല പരിസ്ഥിതിവിഭാഗം വിസിറ്റിങ് പ്രഫസറുമായ ഡോ. എസ്. ശ്രീകുമാര്‍ റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. ജെ. സുന്ദരേശന്‍ പിള്ള, ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ബിനു മോൾ ടോം, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ, പരിഷത് പരിസര സമിതി ചെയർമാൻ ഡോ. കെ.വി. തോമസ്, കൺവീനർ ഡോ. സുമ വിഷ്ണുദാസ് എന്നിവർ സംസാരിച്ചു.
ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേല്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍, കേന്ദ്രനിര്‍വ്വാഹക സമിതിയംഗം കെ. രാജന്‍, പരിസര സമിതിയംഗം പി. പ്രകാശൻ, ജില്ലാ പരിസര സമിതി കൺവീനർ കെ.കെ. സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സി. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പരിസര സമിതി ചെയര്‍മാന്‍ എം.ജി. സതീഷ് ചന്ദ്രന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എസ്.എ. രാജീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.