തിരുവനന്തപുരം: മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസുമായുള്ള അടുപ്പമാണ് പ്രദീപ് കുമാറിനെ പരിഗണിക്കാൻ പ്രധാന കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രദീപ് കുമാറിന്റെ പേര് ചർച്ചയായിരുന്നു.
മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു അടക്കമുള്ള പേരുകള്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. മൂന്ന് തവണ കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. പ്രദീപ് കുമാര്‍ എം.എൽ.എ ആയിട്ടുണ്ട്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സംസ്ഥാന നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കേ പാർട്ടിയിലെ ഗ്രൂപ്പിസം സ്ഥാനത്തേയും ബാധിച്ചിരുന്നു.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ നില്‍ക്കേയാണ് ജനകീയനായ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫിസിലെ നിര്‍ണായക പദവിയില്‍ നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതൽ ജനകീയമാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഏൽപിച്ച ദൗത്യം കൃത്യനിഷ്ഠയോടെ നിർവഹിക്കുമെന്നും അദ്ദേഹം പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് എം.വി. ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കേ മുഖ്യമന്ത്രിയുടെ ഓഫിസ് ജനകീയമായിരുന്നു. നാദാപുരം ചേലക്കാട് ആനാറമ്പത്ത് പരേതരായ ഗോപാലകൃഷ്ണ കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകനാണ് പ്രദീപ് കുമാർ. വേങ്ങേരി സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറി അഖിലയാണ് ഭാര്യ. മകൾ: അമിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.