ഗർഭിണിയായ പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

എലത്തൂർ: ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. എലത്തൂർ ചെട്ടികുളത്തിനു സമീപം പന്നി ബസാറിൽ ബാലപ്രഭയിൽ വെളുപ്പനാം വീട്ടിൽ ബൈജീവ് കുമാറിന്റെ മകൾ ഭാഗ്യയെയാണ് (19) ഭർതൃവീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറുമാസം മുമ്പായിരുന്നു ഭാഗ്യയും അയൽവാസിയായ അനന്തുവും (21) പ്രണയിച്ച് വിവാഹിതരായത്. ഭർതൃവീട്ടിൽ ഭാഗ്യക്ക് നിരന്തരം പീഡനമേൽക്കേണ്ടി വന്നിരുന്നതായി മാതാവ് രജിത കലയും പിതാവും പറയുന്നു. ഇതു സംബന്ധിച്ച് എലത്തൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർതൃവീട്ടിലെ പീഡനംമൂലം രണ്ടാഴ്ച മുമ്പ് ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഭാഗ്യ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ഭർതൃവീട്ടിലേക്ക് തിരിച്ചുവന്നത്.

ഭാഗ്യയുടെയും അനന്തുവിന്റെയും വീട് അടുത്തടുത്താണ്. അനന്തുവിന്റെ വീട്ടുകാർ ഭാഗ്യയുമായി കലഹിക്കാറുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. ഭാഗ്യയെ ഭർതൃവീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും കൂടുതൽ സങ്കീർണമാകുമെന്ന് കരുതി ഒഴിവാക്കുകയായിരുന്നുവെന്ന് പിതാവും അയൽവാസികളും പറഞ്ഞു.

കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച അനന്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുവർഷം മുമ്പ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയായ ദിവസം വിവാഹം കഴിക്കുകയായിരുന്നു. കാവ്യയാണ് ഭാഗ്യയുടെ സഹോദരി. തഹസിൽദാർ ജയശ്രീ എസ്. വാരിയരുടെ സാന്നിധ്യത്തിൽ എലത്തൂർ എസ്.ഐ സന്ദീപ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭർതൃവീട്ടിലെ പീഡനത്തിനെതിരെ എലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - A nineteen-year-old girl hanged in husband's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.